ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. എല്ലാവർക്കും വിശേഷിച്ച് മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നതായി രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. ഓണത്തിൻ്റെ ചൈതന്യം സമൂഹമൈത്രിയെ ശക്തിപ്പെടുത്തട്ടെയെന്നും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരട്ടെയെന്നും രാഷ്ട്രപതി ആശംസകൾ നേർന്നു.
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു. പ്രകൃതി മാതാവിൻ്റെ സുപ്രധാന പങ്കിനെയും കർഷകരുടെ പ്രാധാന്യത്തെയും ഉറപ്പിക്കുന്ന ഉത്സവമാണിതെന്ന് മോദി കുറിച്ചു. സമൂഹത്തിൽ ഐക്യവും ചൈതന്യവും വർധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും മലയാളികൾക്ക് ഓണാശംസകൾ നേർന്നിട്ടുണ്ട്.