വ്യാപാര മേഖലയിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകൾ വിപുലീകരിക്കാനും ഒമാനും സൗദി അറേബ്യയും തീരുമാനിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫും സൗദി വാണിജ്യ മന്ത്രിയും ആക്ടിങ് മീഡിയ മന്ത്രിയുമായ ഡോ. മജീദ് അബ്ദുല്ല അൽ ഖസാബിയും തമ്മിൽ മസ്കത്തിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ചരിത്രപരവും ദൃഢവുമാണ്. അതേസമയം സാമ്പത്തിക ബന്ധങ്ങൾ നേതാക്കളുടെയോ ജനങ്ങളുടെയോ അഭിലാഷങ്ങൾക്കനുസൃതമായി ഉയരുന്നില്ലെന്നത് സംശയമാണ്. എന്നാൽ രണ്ടു സഹോദര രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനായി മികച്ച ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ സൗദിക്ക് വിഷൻ 2030ഉം ഒമാൻ സുൽത്താനേറ്റിന് വിഷൻ 2040ഉം ഉണ്ട്.
അതേസമയം യോഗത്തിൽ ഇ-കോമേഴ്സ് രംഗത്തെ സൗദി അറേബ്യയുടെ അനുഭവങ്ങളും അവലോകനം ചെയ്തു. ഇ-കോമേഴ്സ് പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ, എണ്ണ ഇതര കയറ്റുമതിക്കും നിക്ഷേപങ്ങൾക്കും ലക്ഷ്യമിട്ടുള്ള വിപണികളിലേക്ക് പ്രവേശനം സാധ്യമാക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുക തുടങ്ങിയ നിരവധി കാര്യങ്ങളും ചർച്ചയിൽ വിഷയമായി. ശേഷം നിക്ഷേപത്തിനും സഹകരണത്തിനും നിരവധി അവസരങ്ങളുണ്ടെന്നാണ് കരുതുന്നതെന്ന് അൽ ഖസാബി പറഞ്ഞു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, വാർത്തവിതരണ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി തുടങ്ങിയവരുമായും അൽ ഖസാബി കൂടിക്കാഴ്ച നടത്തി. ശേഷം ത്രീഡി പ്രിന്റിങ്, ഡ്രോണുകൾ, വെർച്വൽ റിയാലിറ്റി, പരിശീലന ഹാളുകൾ, മൾട്ടി പർപസ് യൂനിറ്റുകൾ എന്നിവക്ക് വിപുലമായ ഹാളുകളുള്ള യൂത്ത് സെന്റർ, അൽ ഖസാബിയും പ്രതിനിധികളും സന്ദർശിക്കുകയും ചെയ്തു.