ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തമിഴ്നാട് യുവജന ക്ഷേമ-കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്. ഡി.എം.കെ ശക്തമായി സ്ഥിതി ചെയ്യുന്നിടത്തോളം വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് ഉദയനിധി സ്റ്റാലിന് പറഞ്ഞത്.
‘തമിഴ്നാട്ടില്‍ ചേര-ചോള-പാണ്ഡ്യ വംശമല്ലാതെ വടക്കേ ഇന്ത്യയില്‍ നിന്നും ആരെയും ഇതുവരെ ഇവിടെ വാഴാന്‍ അനുവദിച്ചിട്ടില്ല. ഇപ്പോഴും അവര്‍ കരുതുന്നത് അവര്‍ക്ക് തമിഴ്നാട്ടില്‍ വിജയം കൊയ്യാന്‍ സാധിക്കുമെന്നാണ്. അവര്‍ അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ തമിഴ്നാട്ടില്‍ അത് സംഭവിക്കില്ല,’ ഉദയനിധി സ്റ്റാലിന് പറഞ്ഞു.
തമിഴ്നാട്ടില്‍ ഒരുമിച്ച് നില്‍ക്കാനും ഒറ്റക്കെട്ടായി പോരാടാനുമെല്ലാം പെരിയോര്‍, മുന്‍ മുഖ്യമന്ത്രിമാരായ സി.എന്‍ അണ്ണാദുരെ, എം. കരുണാനിധി, പാര്‍ട്ടി നേതാവ് കെ. അന്പഴകന് എന്നിവര്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
നേരത്തെ ഐ.പി.എല്‍ ടിക്കറ്റ് ആവശ്യപ്പെട്ട എ.ഐ.ഡി.എം.കെ എംഎല്‍എയോട് ബി.സി.സി.ഐ അധ്യക്ഷന്‍ ജയ് ഷായോട് ചോദിക്കാനായിരുന്നു ഉദയനിധി സ്റ്റാലിന് പറഞ്ഞത്. നിങ്ങളുടെ അപേക്ഷ ജയ്ഷാ കേള്‍ക്കുമെന്നും അതിന് പണം നല്കാന് തയ്യാറാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നു.