കോഴിക്കോട്: എം ടിയുടെ മരണത്തോടെ അവസാനിക്കുന്നത് ഒരു യുഗമാണ്. ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് മലയാളത്തെ സ്നേഹിക്കുന്ന ഓരോരിത്തരടുടെയും ഭാഗ്യമാണ്. എം ടി വാസുദേവൻ നായർ എന്ന അതുല്യ പ്രതിഭ മൺമറയുന്നത് വിങ്ങലോടെയല്ലാതെ നോക്കി കാണാൻ സാധിക്കില്ല. സിനിമാ, സാഹിത്യ,രാഷ്ട്രീയ ലോകത്തെ പല പ്രമുഖർക്കും അദ്ദേഹം വഴിക്കാട്ടിയായിരുന്നു…ഇഷ്ട്ട എഴുത്തുകാരനായിരുന്നു. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചപ്പോൾ ,സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എന്റെ എം ടി സാർ പോയല്ലോയെന്ന് മോഹൻലാലും കുറിച്ചു.
നാടകരംഗത്ത് നിന്നും കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനിയായി എം ടി കൈപിടിച്ച് നടത്തിയത് തേങ്ങലോടെ വിലാസിനി പങ്കുവെച്ചു.എംടി സര് തന്റെ സാഹിത്യങ്ങളോടൊപ്പം ഇനിയും പല വര്‍ഷങ്ങള്‍ നമ്മോടുകൂടെയും നമുക്ക് ശേഷവും ജീവിച്ചിരിക്കും. വിട പറയാന്‍ മനസില്ല സാറേ..ക്ഷമിക്കുകയെന്ന് കമൽഹാസൻ. നിശബ്ദരായവർക്ക് ശബ്ദമായ , പുതി. തലമുറയെ വാർത്തെടുത്ത വ്യക്തിത്വമാണ് എം ടിയെന്ന് പ്രധാനമന്ത്രി എക്സിലൂടെ പങ്കുവെച്ചു.എം ടിയുടെ കൃതികൾ ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് രാഹുൽഗാന്ധിയും പറഞ്ഞു.മലയാള സാഹിത്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രതിഭയാണ് എം ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചു.
എംടിയുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭൻ അനുസ്മരിച്ചു.എം ടി തൻ്റെ മേഖലയിൽ നൂറ് ശതമാനം കൂറു പുലർത്തിയ വ്യക്തിയാണെന്ന് മലയാള സാഹിത്യത്തിന് തന്നെ അഗാധമായ നഷ്ടബോധം ഉണ്ടാക്കുന്നുവെന്നും എഴുത്തുകാരനും അധ്യാപകനുമായ എം കെ സാനു.സാംസ്കാരിക ജീവിതം കൊണ്ട് മാത്രമല്ല അദ്ദേഹം അതിനിർണായകമായ കേരളത്തിലെ ജീവിതത്തിൽ നടത്തിയ ഇടപ്പെടലുകളും അതുല്ല്യമാണെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.എം ടി ഇല്ലാത്ത ലോകത്തിലേക്ക് മലയാളം ഇനി കടക്കുമ്പോഴും ,ജീവിച്ചിരിക്കുന്ന ഓർമ്മയായി തന്റെ അക്ഷരങ്ങളിലൂടെ എം ടി ഇനി ജീവിക്കും.