60 വർഷത്തിനിടെ ആദ്യമായി ലോഗോ മാറ്റി ‘നോക്കിയ’. ‘നോക്കിയ’ എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോ.
നിലവിലുള്ള ലോഗോയുടെ ഐക്കോണിക് നീല നിറത്തിന് പകരമായി വ്യത്യസ്തമായ നിറങ്ങളാണ് പുതിയ ലോഗോയിൽ ഉപയോഗിച്ചിരിക്കുന്നത്. ബാഴ്സലോണയിൽ നടക്കുന്ന വാർഷിക മൊബൈൽ വേൾഡ് കോൺഗ്രസിന് മുന്നോടിയായി സിഇഒ പെക്ക ലൻഡ്മാർക്ക് പുതിയ ഡിസൈൻ അവതരിപ്പിച്ചു.
2020ൽ നോക്കിയയുടെ നേതൃത്വമേറ്റെടുത്ത പെക്ക ലൻഡ്മാർക്കിന്റേതാണ് ലോഗോ മാറ്റമടക്കമുള്ള പുതിയ ആശയം. കമ്പനിയുടെ പുരോഗതിക്കായി നിരവധി തന്ത്രങ്ങൾ ലൻഡ്മാർക്ക് ഇതിനോടകം തന്നെ ആവിഷ്കരിച്ചിട്ടുണ്ട്.
കമ്പനിയെ തിരിച്ചുപിടിക്കാനുള്ള മൂന്ന് ഘട്ടങ്ങളിൽ ആദ്യത്തെ ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഞങ്ങൾക്ക് 21% വളർച്ചയുണ്ടായി, നിലവിലെ വിൽപ്പനയുടെ എട്ട് ശതമാനമാണിത്. ഈ വളർച്ച എത്രയും വേഗം കൂട്ടാനാണ് ലക്ഷ്യമിടുന്നതെന്ന് ലൻഡ്മാർക്ക് പറയുന്നു.