ഹേഗ്: യുദ്ധത്തിൻ്റെ മറവിൽ ഇസ്രയേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. 1948-ലെ വംശഹത്യ കണ്‍വൻഷനിലെ കരാറിൻ്റെ നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.
അടിസ്ഥാന രഹിതമായ ആരോപണവും നടപടിയുമാണ് ദക്ഷിണാഫ്രിക്കയുടേതെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടണമെന്ന് കോടതിയിൽ നൽകിയ പരാതിയിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി എന്നു മുതലാണ് വാദം കേൾക്കുക എന്നതിൽ വ്യക്തതയില്ല.
ലോകകോടതി എന്നറിയപ്പെടുന്ന അന്താരാഷ്ട്ര നീതിന്യായ കോടതി നെതർലെൻഡ്സിലെ ഹേഗിലാണ് പ്രവർത്തിക്കുന്നത്. ഭൂരിപക്ഷം രാജ്യങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾ തങ്ങൾക്കെതിരായ വിധി അവഗണിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കണമെന്ന കോടതിയുടെ വിധി നേരത്തെ റഷ്യ തള്ളിയിരുന്നു.