ഖത്തര്‍ ഫുട്ബോൾ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം വിൽക്കുന്നില്ലെന്ന് ഫിഫ. വില്പനയ്ക്ക് ലൈസന്‍സുള്ള ഇടങ്ങളിലും ഫാന്‍ ഫെസ്റ്റിവലിലും മാത്രമാകും മദ്യവിൽപന ഉണ്ടായിരിക്കുക. ഖത്തര്‍ അധികാരികളും ഫിഫയും നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലോകകപ്പ് കിക്കോഫിനു മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഫിഫയുടെ തീരുമാനം. പരസ്യമായി മദ്യപിക്കുന്നതിന് കര്‍ശന നിരോധനമുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിനെത്തുന്ന വിദേശികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയായേക്കും. ബീയര്‍ നിർമാതാക്കളായ എബി ഇന്ബെവിൻ്റെ ഉടമസ്ഥതയിലുള്ള ബഡ്വെയ്സര്‍ ആണ് ലോകകപ്പിൻ്റെ പ്രധാന സ്പോണ്സർ.
ഓരോ മത്സരത്തിനും മൂന്നു മണിക്കൂർ മുൻപും മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളുടെയും ടിക്കറ്റ് പരിധിയില്‍ ആല്‍ക്കഹോളിക് ബീയര്‍ വില്‍ക്കാനായിരുന്നു ബഡ്വെയ്സർ പദ്ധതിയിട്ടത്. പുതിയ തീരുമാനം വന്നതോടെ ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവരും. എന്നാൽ സ്റ്റേഡിയം പരിസരത്ത് തങ്ങളുടെ നോണ്‍ ആല്‍ക്കഹോളിക് ബീയറുകളുടെ വില്പനയുണ്ടാകുമെന്ന് ബഡ്വെയ്സര്‍ അറിയിച്ചു.
അടുത്തിടെ ദോഹയില്‍ തുടങ്ങിയ ബീച്ച് ക്ലബുകളില്‍ മദ്യവില്പനയുണ്ട്. നഗരമധ്യത്തില്‍ മൂന്നു ബീച്ച് ക്ലബ്ബുകളുണ്ട്. ലോകകപ്പ് മത്സരം കാണാനുള്ള സൗകര്യവും ഈ ക്ലബുകളില്‍ സജ്ജമാണ്. അരലിറ്റര്‍ ബീയറിന് 1100 രൂപയാണ് ഇവിടെ നിരക്ക്.