ബിഹാറില്‍ മഹാഗഡ്ബന്ധന് സര്‍ക്കാര്‍ അധികാരത്തില്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാര്‍ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായി റാബറി ദേവി പ്രതികരിച്ചു. ധീരമായ ചുവടുവെപ്പ് നടത്തിയ രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് തേജസ്വി യാദവ് പറഞ്ഞു.
35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആര്‍ജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകും. വകുപ്പുകളില്‍ തീരുമാനമാവുന്നതോടെ മറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയേക്കും.
ഇന്നലെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുകയും ചെയ്തത്. വൈകുന്നേരം നാല് മണിയോടെ നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവണര്‍ ഫാഗു ചൗഹാനെ കാണുകയും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമായിരുന്നു.