തൃശൂർ: തൃശൂർ നാട്ടികയിൽ തടി ലോറി പാഞ്ഞ് കയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നത് ഗുരുതര വീഴ്ച്ചയാണെന്നും ശക്തമായ നടപടി ഇവർക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാത്രി കാല പരിശോധന ശക്തമാക്കുമെന്നും , രാത്രി കാലങ്ങളിൽ തമിഴ് നാട്ടിൽ നിന്നുളള വണ്ടികൾ അമിതവേഗത്തിൽ എതിർ ദിശയിൽ ഓടിക്കുന്നത് പതിവായെന്നും മന്ത്രി പറഞ്ഞു. റോഡ് സൈഡില്‍ കിടക്കുന്നവരെ മാറ്റും. ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ജാഗ്രത പാലിക്കും. കുടുംബങ്ങള്‍ക്കുള്ള സഹായം പരിഗണനയിലാണ്.
ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുമായി സഹകരിച്ചുകൊണ്ട് റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.