കോഴിക്കോട് വീണ്ടും നിപ സാന്നിധ്യമെന്ന് സംശയം. പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപ സാന്നിധ്യമുള്ളതായാണ് സംശയം. തിങ്കളാഴ്ചയും ഓഗസ്റ്റ് 30നും രണ്ട് സ്വകാര്യ ആശുപത്രികളില്‍ മരിച്ചവര്‍ക്കാണ് നിപ സാന്നിധ്യം ഉള്ളതായി സംശയം സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്സ്റ്റിറ്റിയൂ്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച മരിച്ചയാള്‍ക്ക് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്നതായി വിലയിരുത്തലുണ്ട്. തിങ്കളാഴ്ച മരിച്ചയാള്‍ക്ക് പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും സ്ഥിരീകരിക്കുക.
ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 30ന് പനി ബാധിച്ച് മരിച്ച വ്യക്തിയുടെ രണ്ട് മക്കള്‍ അടക്കം നാല് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മരിച്ച വ്യക്തിയുടെ സഹോദരി ഭര്‍ത്താവും മകനുമാണ് ചികിത്സയിലുള്ളവര്‍. കഴിഞ്ഞ ദിവസം മരിച്ചവരുടെ ബന്ധുക്കളെ ക്വാറന്റൈന് ചെയ്തു. കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ചാണ് ഓഗസ്റ്റ് 30ന് രോഗി മരിക്കുന്നത് രണ്ടാമത്തെ രോഗി മിംസില്‍ വെച്ചാണ് മരിക്കുന്നത്.
ഇതിനിടെ നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരും. ഡിഎംഒയാണ് അടിയന്തര യോഗം വിളിച്ചത്. ആരോഗ്യമന്ത്രി കോഴിക്കോടേക്ക് തിരിച്ചിട്ടുണ്ട്.