സെല്‍ഫോണില്‍ നോക്കിക്കൊണ്ട് തെരുവ് മുറിച്ചു കടക്കുന്ന ആളുകളെ കാണുമ്പോള്‍ അതിയായ ദുഃഖം തോന്നാറുണ്ടെന്ന് മാര്ട്ടിന് കൂപ്പര്‍. ഇത്തരം ആളുകള്‍ക്ക് ബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നടക്കുന്ന ആളുകളെ ഒരിക്കലെങ്കിലും കാറിടിച്ചു കഴിയുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാകുമെന്നും കൂപ്പര്‍ ഫലിത രൂപേണ കൂട്ടിച്ചേര്‍ത്തു. സെല്‍ഫോണിന്റെ പിതാവ് എന്നാണ് അമേരിക്കന്‍ എന്‍ജിനീയറായ കൂപ്പര്‍ അറിയപ്പെടുന്നത്.
കാലിഫോര്‍ണിയയിലെ ഡെല്‍മാറിലെ സ്വന്തം ഓഫീസിലിരുന്നുകൊണ്ട് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. അതേസമയം തന്റെ കൊച്ചുമക്കളും അവരുടെ മക്കളും ഉപയോഗിക്കുന്നത് പോലെ സെല്‍ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ തനിക്ക് സാധിക്കില്ലെന്നും മാര്ട്ടിന് കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ സെല്‍ഫോണുകള്‍ വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയെയും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.