യുഎഇയുടെ പുതിയ യുവജന മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ബഹിരാകാശ യാത്രികന് കൂടിയായ അല്‍ നെയാദിയെ യുവജന മന്ത്രിയായി പ്രഖ്യാപിച്ചത്. നിരവധി നാമനിര്‍ദേശങ്ങള്‍ ലഭിച്ചെങ്കിലും ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചത് അല്‍ നെയാദിയെ ആണെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. അല്‍ നെയാദി യുവജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്ത് അറിയുന്ന വ്യക്തിയാണെന്നും അവരെ സേവിക്കുന്നതിലും അവരെ മുന്നോട്ട് നയിക്കുന്നതിലും ശ്രദ്ധാലുവാണെന്നും അദ്ദേഹം പ്രഖ്യാപനത്തിനിടെ പറഞ്ഞു. ശാസ്ത്രപരവും ബഹിരാകാശപരവുമായ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം ഇതിനോടൊപ്പം തന്നെ നിര്‍വഹിക്കും.
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം താമസിച്ച് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയും സ്പേസ് വോക്ക് നടത്തുകയും ചെയ്ത ആദ്യ അറബ് സഞ്ചാരിയെന്ന റെക്കോര്‍ഡിന് ഉടമയാണ് സുല്‍ത്താന്‍ അല്‍ നെയാദി. 186 ദിവസമാണ് അല്‍ നെയാദി ബഹിരാകാശത്ത് കഴിഞ്ഞത്.
കഴിഞ്ഞ സെപ്തംബറില്‍ യുവജന മന്ത്രിയായിരിക്കാന്‍ താത്പര്യമുള്ള ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ താത്പര്യം അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയും ചെയ്യാന്‍ കഴിവുള്ള യുവതിയെയോ യുവാവിനെയോ ആവശ്യമുണ്ടെന്നായിരുന്നു അപേക്ഷയില്‍ അറിയിച്ചിരുന്നത്.
മന്ത്രിയായിരിക്കാന്‍ യോഗ്യനായ വ്യക്തി യുഎഇയെക്കുറിച്ച് അറിവുള്ള ആളായിരിക്കണമെന്നും മാതൃരാജ്യത്തെ സേവിക്കുന്നതില്‍ അഭിനിവേശമുള്ളവനായിരിക്കണമെന്നും അപേക്ഷ ക്ഷണിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞിരുന്നു.