ഖത്തർ ലോകകപ്പിലെ പ്രാഥമിക റൗണ്ടിൽ അർജൻ്റീന സൗദിയോട് തോറ്റപ്പോൾ മനംനൊന്ത് ഒരു 14 വയസ്സുകാരൻ തേങ്ങിക്കരഞ്ഞു. ഇഷ്ട ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഈ 14 -കാരനെ തേടിയെത്തിയത് ഖത്തറിലേക്ക് പോവാനും മെസ്സിയെ നേരിൽ കാണാനുമുള്ള സുവർണ്ണാവസരമാണ്. ഇഷ്ടടീമിൻ്റെ ക്വാർട്ടർ മത്സരം കാണാൻ ഖത്തറിലെ സ്റ്റേഡിയത്തിൽ ഇരിക്കുന്ന നിബ്രാസിന്റെ ചിത്രം വൈറലാവുകയാണ്.
തൃക്കരിപ്പൂർ മണിയനോടിയിൽ നിന്നുള്ള ഫാൻബോയ് നിബ്രാസ് ഇഷ്ടതാരമായ ലയണൽ മെസ്സി ലോകകപ്പിലെ പത്താം ഗോൾ സ്വന്തമാക്കുന്നത് ദോഹ ലുസൈൽ സ്റ്റേഡിയത്തിലിരുന്ന് കണ്ടപ്പോൾ അർജൻ്റീനിയൻ പതാക പാറിച്ച് തുള്ളിച്ചാടി. ലുസൈൽ സ്റ്റേഡിയത്തിൽ സീറ്റിൽ നിന്ന് എഴുന്നേറ്റ് ആർപ്പുവിളിച്ചു. എന്നാൽ തൊണ്ണൂറാം മിനുട്ടിൽ ഡച്ചുകാർ സമനില നേടിയപ്പോൾതാങ്ങാനാവാതെ നിബ്രാസ് പതാക കൊണ്ട് മുഖം മറച്ചു. എക്സ്ട്രാ ടൈമിൽ ഗോളാകുമെന്ന് കരുതിയ പന്ത് ബാറിൽ തട്ടി പുറത്ത് പോയില്ലായിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു. അതേസമയം അർജൻ്റീനയുടെ ഓരോ മുന്നേറ്റത്തിനും അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ആർപ്പുവിളിച്ചു.
ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും എക്സ്ട്രാ ടൈമിൽ ആർക്കും ഗോൾ നേടാനായില്ല. തുടർന്ന് ഷൂട്ടൗട്ട് വിധി നിർണയിച്ചു. മെസ്സി, ലിയാൻഡ്രോ പരേഡസ്, ഗോൺസാലോ മോണ്ടിയൽ, ലൗതാരോ മാർട്ടിനെസ് എന്നിവർ പന്ത് അനായാസം വലയിലെത്തിച്ചു. അവസാനം ആവേശകരമായ പ്രീ ക്വാർട്ടർ മത്സരത്തിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ മെസ്സിയും സംഘവും പരാജയപ്പെടുത്തി.
ഇഷ്ട ടീം ഖത്തർ ലോകകപ്പിന്റെ സെമിയിലേക്ക് പ്രവേശിച്ചത് കണ്ട് അവൻ തുള്ളിച്ചാടി. നിബ്രാസിനൊപ്പം സ്പോൺസറും സ്മാർട്ട് ട്രാവൽ ഉടമയുമായ യു.പി.സി ആഫി അഹമദും കൂടെയുണ്ടായിരുന്നു. അതേസമയം നിബ്രാസ് സമൂഹത്തിന് നൽകിയ പ്രതീക്ഷയുടെ സന്ദേശമാണ് കുട്ടിയെ സ്പോൺസർ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഫ്രഞ്ച് ഫാനായ അദ്ദേഹം പറഞ്ഞു. നിബ്രാസ് ഞായറാഴ്ച നാട്ടിലേക്ക് മടങ്ങും.