രാജ്യത്തിന്‍റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ചുമതലയേൽക്കുന്ന ജഗ്ദീപ് ധൻകർ ചരിത്രനിയോഗത്തിലേക്ക് എത്തുന്നത് അഭിഭാഷകൻ, ഗവർണർ എന്ന നിലയിലെ അനുഭവസമ്പത്തുമായാണ്. ബംഗാൾ ഗവർണറായിരുന്ന ധൻകർ മമത ബാനർജിയുമായി നിരന്തരം നടത്തിയ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ വിവാദമായിരുന്നു. ധൻകറിന്‍റെ അനുഭവങ്ങളും ലാളിത്യം കൈവിടാത്ത പെരുമാറ്റവും രാജ്യസഭയ്ക്ക് നേട്ടമാകുമെന്ന് പ്രത്യാശിക്കാം.

രാജസ്ഥാനിലെ കിതാന എന്ന കൊച്ചു ഗ്രാമത്തിൽ ജാട്ട് കർഷക കുടുംബത്തിൽ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. സൈനിക സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഫിസിക്സിൽ ബിരുദവും എൽഎൽബിയും നേടി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. ജനതാദൾ ടിക്കറ്റിലാണ് 1989ൽ ആദ്യമായി രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തിയത്. 1990ൽ കേന്ദ്രമന്ത്രിയായി. 1993ൽ കോൺഗ്രസിൽ ചേർന്നു. 2003ൽ ബിജെപിയിൽ ചേർന്നു. രാജസ്ഥാൻ ഒളിംപിക് അസോസിയേഷന്‍റെയും ടെന്നിസ് അസോസിയേഷന്‍റെയും പ്രസിഡന്റായിരുന്നു. ഐസിസി ഇന്റർനാഷണൽ കോർട്ട് ഓഫ് ആർബിട്രേഷൻ അംഗവുമായിരുന്നു. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിച്ചത്.

കർഷക പുത്രനായ ജഗദീപ് ധൻകർ ഉപരാഷ്‌ട്രപതിയായി ചുമതലയേൽക്കുമ്പോൾ കർഷകരുടേയും അടിസ്ഥാന വർഗത്തിന്റേയും പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കുമെന്നത് രാജ്യത്തിന് ആഹ്ളാദകരമായ ഒന്നാണ്. കർഷകപുത്രനെന്ന് വിശേഷിപ്പിക്കുന്ന ധർകർ അടിസ്ഥാനപ്രശ്നങ്ങൾ മനസിലാക്കി അനുഭവസമ്പത്ത് മുതൽകൂട്ടാക്കി രാജ്യത്തെ ഉന്നതിയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണറായിരിക്കെ തൃണമൂലുമായും മമതയുമായും കൊമ്പുകോർത്തിരുന്ന ജഗ്ദീപ് ധൻകറിന്‍റെ തുറന്നടിക്കുന്ന പെരുമാറ്റം രാജ്യസഭയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ എതിരാളികൾ ഉറ്റുനോക്കുന്നുണ്ട്. രാജ്യത്തിന്‍റെ ഭരണഘടനപോലും വെല്ലുവിളി നേരിടുന്ന കാലത്താണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. എങ്കിലും അനുഭവമ്പത്ത് കൈമുതലായുളള ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയിലെത്തുന്ന നിർണായക ബില്ലുകളിൽ രാജ്യത്തിന് ആശ്വാസകരമായ നിലപാട് സ്വീകരിക്കും എന്ന് പ്രതീക്ഷിക്കാം
