ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ന്യൂയോർക്കിന് ഒന്നാം സ്ഥാനം. സിംഗപ്പൂരും ഒപ്പമുണ്ട്. വാർഷിക ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റി (ഇ.ഐ.യു)യുടെ ആഗോള ജീവിതച്ചെലവ് സർവേയിലാണ് ഈ നഗരങ്ങൾ ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തെ 173 നഗരങ്ങളിൽ സർവേ നടത്തി. ഇതിൽ 90 രാജ്യങ്ങളിലെ 200ലധികം ഉൽപന്നങ്ങളും സേവനങ്ങളും അടിസ്ഥാനമാക്കി 400ലധികം വിലകളാണ് താരതമ്യം ചെയ്തത്.
അതേസമയം ഇതാദ്യമായാണ് ന്യൂയോർക് ഒന്നാം റാങ്കിലെത്തുന്നത്. കഴിഞ്ഞ വർഷത്തെ ഒന്നാം സ്ഥാനക്കാരായ തെൽഅവീവ് (ഇസ്രായേൽ) ഇപ്പോൾ മൂന്നാം സ്ഥാനത്തായി. ഹോങ്കോങ്, ലോസ് ആഞ്ജലസ് എന്നിവയാണ് നാലാം സ്ഥാനത്തുള്ളത്. . സൂറിക് (സ്വിറ്റ്സർലൻഡ്-6), ജനീവ (സ്വിറ്റ്സർലൻഡ്-7), സാൻഫ്രാൻസിസ്കോ (യു.എസ് -8), പാരിസ് (ഫ്രാൻസ്-9), കോപൻഹേഗൻ (ഡെന്മാർക്-10), സിഡ്നി (ആസ്ട്രേലിയ-10) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ നഗരങ്ങൾ. ഡമസ്കസ് (സിറിയ), ട്രിപോളി (ലിബിയ) എന്നിവയാണ് ഏറ്റവും ചെലവുകുറഞ്ഞ നഗരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.
യുദ്ധവും കോവിഡിന്റെ ആഘാതവും കാരണം യുക്രെയ്ൻ നഗരങ്ങളിലെ ശരാശരി ജീവിതച്ചെലവ് ഈ വർഷം 8.1 ശതമാനം ഉയർന്നതായി സർവേ പറയുന്നു. യു.എസിലെ ഉയർന്ന പണപ്പെരുപ്പമാണ് ന്യൂയോർക് പട്ടികയിൽ ഒന്നാമതെത്താനുള്ള ഒരു കാരണമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഡോളർ ശക്തിപ്പെടുന്നതും ഇതിന് കാരണമായിട്ടുണ്ട്. ഈ വർഷം ആദ്യം തന്നെ യു.എസിലെ പണപ്പെരുപ്പം 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. എന്നാൽ ഈ വർഷത്തെ സർവേയിൽ യുക്രെയ്ൻ തലസ്ഥാനമായ കിയവിനെ ഉൾപ്പെടുത്തിയിട്ടില്ല. യുക്രെയ്ൻ യുദ്ധം, റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധം, ചൈനയുടെ സീറോ കോവിഡ് നയങ്ങൾ എന്നിവവിലക്കയറ്റത്തിന് കാരണമായെന്ന് സർവേക്കു നേതൃത്വം നൽകിയ ഉപാസന ദത്ത് പറഞ്ഞു.