കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷയിൽ സ്റ്റേ കിട്ടിയതോടെ നാല് പ്രതികൾ പുറത്തിറങ്ങി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
പ്രതികളെ സ്വീകരിക്കാനായി സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എംവി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തി. കാഞ്ഞങ്ങാട് പ്രതികൾക്ക് സ്വീകരണമൊരുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. കൂടാതെ പാർട്ടിയിൽ നിന്ന് തന്നെ ഇതിൽ എതിർപ്പുയർന്നിരുന്നു.
5 വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചേക്കും.