അനധികൃതവും കാലാവധി കഴിഞ്ഞതുമായ വാഹനങ്ങളെ പിടികൂടാൻ പുതിയ റഡാർ സംവിധാനവുമായി യുഎഇ. മസാഫി റോഡിൽ പുതിയ റഡാർ സ്ഥാപിച്ചതായി റാസൽഖൈമ പൊലീസ് അറിയിച്ചു. നാളെ മുതൽ നിരത്തിലിറങ്ങുന്ന ട്രക്കുകളേയും കാലഹരണപ്പെട്ട വാഹനങ്ങളേയും റഡാർ സംവിധാനത്തിലൂടെ കണ്ടെത്തും. റഡാർ സ്ഥാപിച്ച വിവരം അതോറിറ്റി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
അതേസമയം കാൽനട ക്രോസിംഗുകളിൽ നിർത്താതെ പോകുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനുമായി അബുദാബിയിലെ വിവിധ റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രവർത്തിക്കുന്ന പുതിയ റഡാറുകൾ നേരത്തെ സജീവമാക്കിയിരുന്നു. നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് സ്മാർട്ട് റഡാർ സംവിധാനം ഗുണകരമാകുമെന്ന് അബുദാബി പോലീസ് അറിയിച്ചിരുന്നു. ഇത് പ്രകാരം നിയമലംഘനങ്ങളും കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റഡാർ സംവിധാനം കൂടി യുഎഇ സ്ഥാപിക്കുന്നത്.