ദില്ലി: ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ പാസപോർട്ടുള്ളവർക്ക് ഇ- വിസ ഉപയോഗിച്ച് റഷ്യയിലേക്ക് പോകാം. ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയടക്കം 52 രാജ്യങ്ങളിലെ പൗരൻമാർക്കാണ് റഷ്യ ഇ-വിസ സംവിധാനം സജ്ജമാക്കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റഷ്യൻ വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് ഇ – വിസയുടെ പ്രൊസ്സസ്സിംഗ് സമയം നാല് ദിവസമാണ്. 40 ഡോളർ അഥവാ 146.90 ദിർഹമാണ് ഇ – വിസയുടെ കോൺസുലാർ ഫീസ്. ടൂറിസം, ബിസിനസ്സ് യാത്രകൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി റഷ്യയിലേക്ക് പ്രവേശിക്കാൻ ഇ-വിസയിലൂടെ സാധിക്കും.
ഒറ്റ എൻട്രിയിൽ 16 ദിവസം വരെ ഇ-വിസയിൽ റഷ്യയിൽ തങ്ങാനാവും. 60 ദിവസം വരെയാണ് ഇ വിസയുടെ കാലാവധി. വ്യവസായികൾക്കും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഇ – വിസ ഒരേ പോലെ ഗുണകരമാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.