സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ ചെയര്മാന് രഞ്ജിത്ത് ഇടപെടല്‍ നടത്തിയെന്ന് നേമം പുഷ്പരാജ് സംവിധായകന് വിനയനോട് പറയുന്ന ശബ്ദരേഖ പുറത്ത്. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമകള്‍ സെലക്ട് ചെയ്ത് ഫൈനല്‍ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന രഞ്ജിത്ത് പറഞ്ഞതായാണ് നേമം പുഷ്പരാജ് പറയുന്നത്.
അവാര്‍ഡുകള്‍ നല്കാന് തീരുമാനേിച്ച് റൂമിലേക്ക് പോയ ഗൗതം ഘോഷ് അടക്കമുള്ള ജൂറി അംഗങ്ങള്‍ തിരികെ വന്ന് ഒന്നുകൂടി ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞു. ഇത് രഞ്ജിത്തിന്റെ ഇടപെടല്‍ മൂലം എന്നും നേമം പുഷ്പരാജ് ആരോപിച്ചു.
‘പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമകള്‍ ഒക്കെ സെലക്ട് ചെയ്ത് ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞു. എന്ത് ബുദ്ധിമുട്ടാണെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അതില്‍ പരിഗണിക്കാന്‍ എന്തെല്ലാമുണ്ട്. ഗൗതം ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ മുറിയിലേക്ക് പോയി കഴിഞ്ഞാണ് രഞ്ജിത്ത് അറിഞ്ഞത്, ഇതിന് മൂന്ന് അവാര്‍ഡ് കിട്ടിയെന്ന്. അപ്പോള്‍ തന്നെ പോയ ആള്‍ക്കാരെ തിരിച്ചുവിളിച്ചു. അപ്പോള്‍ എനിക്ക് ഇവരുടെ രോഗം പിടികിട്ടി. രഞ്ജിത്തിന്റെ കളിയാണെന്ന് എനിക്ക് മനസിലായി. ഇയാളെ പോലെ ഒരാള്‍ അവിടെ ഇരുന്ന് കഴിഞ്ഞാല്‍ സത്യത്തില്‍ നീതി കിട്ടില്ല,’ എന്നുമാണ് നേമം പുഷ്പരാജ് പറയുന്നത്.
തങ്ങള്‍ എടുത്ത തീരുമാനം ശരിയാണെന്നും അതില്‍ ഉറച്ചു നില്‍ക്കാമെന്ന് മറ്റു ജൂറികളോട് പറഞ്ഞതായും നേമം പുഷ്പരാജ് പറയുന്നുണ്ട്. സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ നേരത്തെ അറിയിച്ചുവെന്നും അതിന് ശേഷം രഞ്ജിത് അങ്ങോട്ട് വന്നില്ലെന്നും സംഭാഷണത്തില്‍ പറയുന്നു.
നമ്മള് എല്ലാവരുംകൂടെ എടുത്ത തീരുമാനമാണല്ലോ, നിങ്ങള്‍ക്ക് അതില്‍ പ്രശ്നമെന്താണ് എന്ന് ചോദിച്ചു. ഒന്നുകൂടി ഒന്ന് ആലോചിച്ച് കുറച്ചുകൂടെ നല്ലതുണ്ടെങ്കില്‍ അത് തെരഞ്ഞെടുക്കാമല്ലോ എന്ന് വിചാരിച്ചാണ് പറഞ്ഞതെന്ന് ഹരി മറുപടി പറഞ്ഞു. മാറി ചിന്തിക്കേണ്ട കാര്യമെന്താണെന്ന് ചോദിച്ചതോടു കൂടി ഗൗതംഘോഷ് അത് തന്നെയങ്ങ് തീരുമാനിക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് ആ അവാര്‍ഡുകള്‍ ലഭിച്ചത്. അല്ലെങ്കില്‍ അതും നഷ്ടമായേനെ എന്നും അദ്ദേഹം പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം.
ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്നും ജൂറി അംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കി പല പുരസ്കാരങ്ങളും മാറ്റിയെന്നുമാണ് സംവിധായകന് വിനയന്റെ ആരോപണം. ചട്ടം ലംഘിച്ച് പുരസ്കാര നിര്‍ണയത്തില്‍ ഇടപെട്ട രഞ്ജിത്തിനെ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിനയന് മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.