യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ചാന്ദ്രദൗത്യ പദ്ധതിയായ ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിലെ നാല് സഞ്ചാരികളെയും പ്രഖ്യാപിച്ചു. അമേരിക്കക്കാരായ രണ്ട് പുരുഷന്മാരും ഒരു വനിതയും ഒരു കനേഡിയൻ പൗരനുമാണ് സംഘത്തിലുള്ളത്. ക്രിസ്റ്റീന കോക്, ജെർമി ഹാൻസൻ, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മെൻ എന്നിവരാണിവർ. ഇവരെ അടുത്ത രണ്ട് വർഷത്തേക്ക് പദ്ധതിയുടെ ഭാഗമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 10 ദിവസത്തെ ദൗത്യത്തിൽ ഈ നാലുപേരും ആർട്ടെമിസ് രണ്ടിൽ ചന്ദ്രനു ചുറ്റും സഞ്ചരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
റീഡ് വൈസ്മെൻ ചാന്ദ്രദൗത്യത്തിന്റെ കമാൻഡറും വിക്ടർ ഗ്ലോവർ പൈലറ്റുമാണ്. കൂടാതെ ദൗത്യത്തിന്റെ സ്പെഷലിസ്റ്റ് ആയാണ് ജെർമി ഹാൻസൻ ചന്ദ്രനെ ചുറ്റാൻ പോകുന്നത്. അതേസമയം 300 ദിവസത്തിലധികം തുടർച്ചയായി ബഹിരാകാശത്തു കഴിഞ്ഞ് റെക്കോർഡ് സൃഷ്ടിച്ച വ്യക്തിയാണ് ക്രിസ്റ്റീന കോക്. ആർട്ടെമിസ് രണ്ടിലെ പ്രഫഷനൽ എൻജിനീയർ ആണിവർ. കൂടാതെ ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിതയെന്ന ബഹുമതിയും ഇനി ഇവർക്ക് സ്വന്തമാകും.
2024 നവംബറിലാണ് ആർട്ടിമിസ് ദൗത്യം ആദ്യമായി നടപ്പിലാക്കിയത്. അര നൂറ്റാണ്ടിന് ശേഷമാണ് നാസ ചാന്ദ്രദൗത്യത്തിനായി മനുഷ്യനെ അയയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ആർട്ടെമിസ് രണ്ടിന്. കൂടാതെ 2025 ൽ നടക്കുന്ന തുടർ ദൗത്യമായ ആർട്ടെമിസ് മൂന്നിൽ മനുഷ്യർ ചന്ദ്രനിൽ വീണ്ടുമിറങ്ങുമെന്നും നാസ വൃത്തങ്ങൾ സൂചിപ്പിച്ചു.