കൽപറ്റ: ഇന്നലെ വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജെൻസൺ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന ജെൻസണിൻ്റെ മരണം ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സ്വീകരിച്ചത്. അപകടത്തിൽ കാലിന് പൊട്ടലേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ തുടരുകയാണ്. വെള്ളാരംകുന്നിൽ വച്ച് ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും മറ്റു ബന്ധുക്കളും സഞ്ചരിച്ച ഒംനി വാൻ സ്വകാര്യ ബസിൽ ഇടിച്ച് അപകടമുണ്ടായത്.
വയനാട് ഉരുൾപൊട്ടലിൽ അച്ഛനേയും അമ്മയേയും സഹോദരിയേയും നേരത്തെ ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു. അപകടത്തിന് ഒരു മാസം മുൻപാണ് ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയവും ശ്രുതിയുടെ പുതിയ വീടിൻ്റെ പാലുകാച്ചലും നടന്നത്. മതത്തിൻ്റെ അതിരുകൾ മറികടന്നായിരുന്നു ഇരുവരുടേയും പ്രണയം വിവാഹനിശ്ചയത്തിലേക്ക് എത്തിയത്.
ദുരന്തത്തെയോർത്ത് ഉറക്കാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിലുള്ള തനിക്ക് ആകെ തുണ ജെൻസണാണെന്ന് ശ്രുതി പലപ്പോഴും പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഉരുൾപൊട്ടലിൽ ഉറ്റവരും വീടും ഇല്ലാതായി അനാഥയായ ശ്രുതിക്ക് തുണയായിട്ടുണ്ടായിരുന്നത് ജെൻസണാണ്. ജെൻസണുമൊത്തുള്ള ജീവിതം മാത്രമായിരുന്നു ശ്രുതിക്ക് മുന്നോട്ടുള്ള ഏകപ്രതീക്ഷ. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു ദുരന്തം ശ്രുതിയുടെ ജീവിതത്തിലേക്ക് എത്തിയതും ജെൻസണിനെ കൂടി കൊണ്ടു പോയതും.
അപകടത്തിന് പിന്നാലെ തന്നെ ജെൻസണിനെ കാണണമെന്നും സംസാരിക്കണമെന്നും ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജെൻസൺ വെൻ്റിലേറ്ററിലാണെന്ന കാര്യം ആശുപത്രി ജീവനക്കാരോ ബന്ധുക്കളോ ശ്രുതിയെ അറിയിച്ചിരുന്നില്ല. കാലിന് പരിക്കേറ്റ് ശ്രുതിയ്ക്ക് ഇന്നാണ് ശസ്ത്രക്രിയ കഴിഞ്ഞത്. കാറിലുണ്ടായിരുന്നവരിൽ പരിക്കേറ്റ ശ്രുതിയും മറ്റു ബന്ധുക്കളും കൽപ്പറ്റയിലെ ആശുപത്രിയിലാണുള്ളത്.
മേപ്പാടിയിലെ മൂപ്പൻസ് ആശുപത്രിയിലായിരുന്നു ജെൻസൺ. മരണവിവരം ശ്രുതിയെ എങ്ങനെ അറിയിക്കും എന്നറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും ജനപ്രതിനിധികളും. ജെൻസണിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, നാളെയാണ് പോസ്റ്റ്മോർട്ടം. ജെൻസണിൻ്റെ ആരോഗ്യനിലയിൽ വലിയ പ്രതീക്ഷയില്ലെന്ന് ഇന്നലെ തന്നെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. ആന്തരിക രക്തസ്രവവും തലയ്ക്ക് ഏറ്റ മാരക പരിക്കും ജെൻസണിൻ്റെ ആരോഗ്യനില ഗുരുതരമാക്കിയിരുന്നു. ഇതോടെ ശ്രുതിയെ ജെൻസണിനെ കൊണ്ടു വന്ന് കാണിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കൾ. ഇതിനിടെയാണ് ആ വിട വാങ്ങലിന് പോലും അവസരം കൊടുക്കാതെ വിധി ജെൻസണിനെ കൊണ്ടു പോയത്.