തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ശശി കല അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് അന്വേഷണ റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായതോടെയാണ് റിപ്പോർട്ടിൽ നടപടി വേണമെന്ന ആവശ്യവും ചേർത്തിരിക്കുന്നത്. വിദേശ ഡോക്ടര്‍മാര്‍ ഹൃദയ ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും നടത്തിയില്ലെന്നും ജസ്റ്റിസ് ആറുമുഖസാമി കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2016 സെപ്റ്റംബര്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള എല്ലാ കാര്യങ്ങളും രഹസ്യമാക്കി വെച്ചു. വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ആന്‍ജിയോ പ്ലാസ്റ്റിയും ഹൃദയ ശസ്ത്രക്രിയയും അടക്കം ശുപാര്‍ശ ചെയ്തെങ്കിലും നടത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മരണത്തില്‍ ശശികല, ജയലളിതയുടെ പേഴ്സണല്‍ ഡോക്ടറും ശശികലയുടെ ബന്ധുവുമായ ഡോ ശിവകുമാര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്കര്‍, അപ്പോളോ ആശുപത്രി ചെയര്മാന് ഡോ പ്രതാപ് റെഡ്ഡി, ഡോ രാമ മോഹന റാവു എന്നിവര്‍ കുറ്റക്കാരാണെന്നും അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ശുപാര്‍ശയുണ്ട്.