ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷന് ബെഞ്ച്. സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ വെടിക്കെട്ടിനുള്ള നിയന്ത്രണം തുടരുമെന്ന് കോടതി അറിയിച്ചു.

എന്നാല്‍ സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാല്‍ തൃശൂര്‍ പൂരത്തെ സിംഗിള്‍ ബെഞ്ച് ബാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

അസമയത്തെ വെടിക്കെട്ട് നിരോധിക്കുന്നത് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദേശം ഡിവിഷന് ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.
