ദില്ലി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭയിലേക്ക് എത്തുമെന്ന് സൂചന. ഇന്ന് രാവിലെ ദേശീയനേതൃത്വം സുരേഷ് ഗോപിയെ വിളിച്ച് മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായിട്ടായിരിക്കും സുരേഷ് മൂന്നാം മോദി സർക്കാരിൽ ചേരുക എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. എന്നാൽ ഏത് വകുപ്പായിരിക്കും അദ്ദേഹത്തിന് കിട്ടുക എന്നത് ഇനിയും വ്യക്തമാവാനിരിക്കുന്നതേയുള്ളൂ.
മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. തനിക്ക് മുൻപേ തീരുമാനിച്ച പത്തോളം സിനിമകളുണ്ടെന്നും ഇതു ചെയ്തു തീർക്കാൻ രണ്ട് വർഷത്തെ സമയം വേണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. എന്നാൽ കേരളത്തിൽ നിന്നുള്ള ആദ്യ ലോക്സഭാ എംപിയെന്ന നിലയിൽ സുരേഷ് ഗോപി മന്ത്രിസഭയിലുണ്ടാവണമെന്ന തീരുമാനം കേന്ദ്രനേതൃത്വം അറിയിക്കുകയായിരുന്നു. കേരളത്തിൽ പാർട്ടി നടത്തിയ മികച്ച പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രാതിനിധ്യം സംസ്ഥാനത്തിനുണ്ടാവാൻ സാധ്യതയുണ്ട്. രാജീവ് ചന്ദ്രശേഖറിൻ്റെ പേര് മന്ത്രിസഭയിലേക്ക് സജീവമായി പരിഗണിക്കുന്നുവെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് രാജ്യസഭാ എംപി സ്ഥാനം കിട്ടുമെന്നും സൂചനയുണട്്.
രണ്ടാം മോദി സർക്കാരിലെ പ്രമുഖരല്ലാം മൂന്നാം മോദി സർക്കാരിലും ഉണ്ടാകും എന്നാണ് വിവരം. എന്നാൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ മന്ത്രിസഭയിലേക്കില്ലെന്നാണ് സൂചന. കാലാവധി പൂർത്തിയായ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ബിജെപിയുടെ രാജ്യസഭാ കക്ഷിനേതാവും. നദ്ദയും മന്ത്രിസഭയിലേക്ക് വരും എന്നാണ് കരുതുന്നത്. നദ്ദയ്ക്ക് പകരം ആരാവും അടുത്ത പാർട്ടി അധ്യക്ഷൻ എന്നതിൽ സസ്പെൻസ് തുടരുകയാണ്.
ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് യുപിയടക്കമുള്ള ശക്തികേന്ദ്രങ്ങളിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലും ബിജെപി കേന്ദ്രഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലും അമിത്ഷാ ദേശീയ അധ്യക്ഷനായി തിരിച്ചെത്താൻ സാധ്യതയുണ്ട്. ശിവരാജ്സിംഗ് ചൗഹാൻ്റെ പേരും പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് കേൾക്കുന്നു. ഹരിയാന മുൻമുഖ്യമന്ത്രി മനോഹർ ലാൽ കട്ടീൽ മന്ത്രിസഭയിൽ ചേരാനാണ് സാധ്യത. നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ്, ജയ്ശങ്കർ തുടങ്ങി പഴയ മന്ത്രിസഭയിലെ പ്രമുഖരും തുടരും.