എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വ്യക്തികളെ സന്ദര്‍ശിക്കുന്നത് തിണ്ണ നിരങ്ങല്‍ അല്ലെന്നും, തെരഞ്ഞെടുപ്പാകുമ്പോള്‍ എല്ലാവരുടെയും വോട്ടുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരന്‍ നായര്‍ ആയാലും വെള്ളപ്പള്ളി നടേശന് ആയാലും വേറെ ആരായാലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരെയും കാണാനും വോട്ട് അഭ്യര്‍ത്ഥിക്കാനുമുള്ള ജനാധിപത്യ മര്യാദയും അവകാശവും എല്ലാവര്ക്കും ഉണ്ട്. അവരുടെ കയ്യിലും വോട്ട് ഉണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പുരോഗമന സ്വഭാവമുള്ള പാര്‍ട്ടി ആണെങ്കിലും പുരോഗമനം ഇല്ലാത്തവര്‍ക്കും വോട്ടുണ്ടല്ലോ. വോട്ടില്ലെങ്കില്‍ ആരെങ്കിലും തെരഞ്ഞെടുപ്പിന് നില്‍ക്കുമോ? വോട്ടിന് പകരം നിങ്ങള്‍ക്ക് വരം തരാം എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? വോട്ട് അല്ലേ വേണ്ടത് എന്നും ഗോവിന്ദന് പറഞ്ഞു.
നേരത്തെ എന്‍.എസ്.എസിനെയും സുകുമാരന്‍ നായരെയും പുകഴ്ത്തി ജെയ്ക് സി. തോമസ് രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസിന്റെത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് ആണെന്നും വിശ്വാലത്തെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചയാളാണ് അദ്ദേഹമെന്നും ജെയ്ക് പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്ത് വര്‍ഗീയ അജണ്ടയുമായെത്തിയ ഒരു നേതാവിനെ സുകുമാരന്‍ നായര്‍ പുറത്താക്കിയെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു. ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ച ശേഷമായിരുന്നു ജെയ്കിന്റെ പരാമര്‍ശം.
എം വി ഗോവിന്ദന്റെ വാക്കുകള്‍
തിണ്ണ നിരങ്ങേണ്ട, ആളെ കണ്ടാല്‍ മതി. സുകുമാരന്‍ നായര്‍ ആയാലും വെള്ളപ്പള്ളി നടേശന് ആയാലും വേറെ ആരായാലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരെയും കാണാനും വോട്ട് അഭ്യര്‍ത്ഥിക്കാനുമുള്ള ജനാധിപത്യ മര്യാദയും അവകാശവും എല്ലാവര്ക്കും ഉണ്ട്. അവരുടെ കയ്യില്‍ ആണ് മുഴുവന്‍ കാര്യവും എന്ന തെറ്റിദ്ധാരണയൊന്നുമില്ല. വോട്ട് അവരുടെ കയ്യില്‍ കൂടിയുണ്ട്.
വ്യക്തികളെ കാണുന്നതെങ്ങനെയാണ് തിണ്ണ നിരങ്ങല്‍ ആകുന്നത്. യു.ഡി.എഫ് അങ്ങനെ കാണുന്നതിനെ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടോ? തെരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്.എന്‍.ഡി.പി നേതാക്കളെയും എന്‍.എസ്.എസ് നേതാക്കന്മാരെയും മറ്റു സാമുദായിക നേതാക്കന്മാരെയും കാണും. എല്ലാ വ്യക്തികളെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട് വോട്ട് ചോദിക്കും.
പുരോഗമന സ്വഭാവമുള്ള പാര്‍ട്ടി ആണെങ്കിലും പുരോഗമനം ഇല്ലാത്തവര്‍ക്കും വോട്ടുണ്ടല്ലോ. വോട്ടില്ലെങ്കില്‍ ആരെങ്കിലും തെരഞ്ഞെടുപ്പിന് നില്‍ക്കുമോ? വോട്ടിന് പകരം നിങ്ങള്‍ക്ക് വരം തരാം എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? വോട്ട് അല്ലേ വേണ്ടത്.