ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സില്‍വര്‍ ലൈന്‍ ബദലല്ല വന്ദേഭാരത് എന്നും എം.വി ഗോവിന്ദന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വന്ദേഭാരതില്‍ കയറി അപ്പവും കൊണ്ട് പോയാല്‍ രണ്ടാമത്തെ ദിവസമല്ലേ എത്തുക. അപ്പോള്‍ പിന്നെ അപ്പം ഉണ്ടാവുമോ എന്ന് എം.വി ഗോവിന്ദന്. കെ റെയിലില്‍ പോവും. അതില്‍ ഒരു സംശയവും വേണ്ട. ഏറ്റവും പിന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും കെ റെയിലിനെ ആശ്രയിക്കാനാകും എന്നാണ് പറയാനുള്ളത്,’ എം.വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
സില്‍വര്‍ലൈന്‍ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അപ്പവുമായി കുടുംബശ്രീക്കാര് സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്ന് എം.വി ഗോവിന്ദന് പറഞ്ഞു.
സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം നടക്കുന്നതിനിടെ സിപിഐഎമ്മിനെയും സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനെയും പരിഹസിച്ച് ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു.
ഷൊര്‍ണൂരില്‍ നിന്ന് അപ്പവുമായി തിരുവനന്തപുരത്തേക്കും അത് വിറ്റ് തിരിച്ച് ഷൊര്‍ണൂരിലേക്കും വളരെ വേഗം എത്താന്‍ സാധിക്കുമെന്നുമായിരുന്നു കൃഷ്ണദാസിന്റെ പരിഹാസം. ഇതിന് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.