മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്കെതിരെ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. എസ്.എഫ്.ഐക്കെതിരെയും ഗൂഢാലോചന നടക്കുന്നെന്നും എം.വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ ഇങ്ങനെ തികച്ചും തെറ്റായ ആരോപണം ഉന്നയിക്കുകയും അത് കേരളത്തിലും ലോകത്തിലും മുഴുവന്‍ നിങ്ങളെല്ലാം കൂടി വാര്‍ത്തയാക്കി എസ്.എഫ്. ഐയെ കുറ്റപ്പെടുത്തി വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അത് തെറ്റായ സമീപനമാണ്. കൃത്യമായ അന്വേഷണം നടത്തി അതിന്റെ കാരണം കണ്ടെത്തണം. വാര്‍ത്ത വന്നതും ഗൂഢാലോചനയാണ് എന്നും എം വി ഗോവിന്ദന് പറഞ്ഞു.
എഴുതാത്ത പരീക്ഷയിക്കാണ് പിഎം ആര്‍ഷോ വിജയിച്ചതായി യൂണിവേഴ്സിറ്റി ഫലം വന്നത്. ഇതാണ് വീണ്ടും വിവാദത്തിന് കാരണമായത്. വിജയിച്ചതായി എങ്ങനെ ഫലം വന്നു എന്ന് അറിയില്ലെന്നും പരീക്ഷ എഴുതിയിട്ടില്ലെന്നും വിവാദമായ സമയം തന്നെ പിഎം ആര്‍ഷോ പറഞ്ഞു.
എം.എ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ലിസ്റ്റും ഇല്ലെങ്കിലും ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയത്. മഹാരാജാസ് കോളേജിലെ ആര്ക്കിയേളജി മെറ്റീരിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ക്ക് ലിസ്റ്റിലാണ് പിഴവ് കണ്ടെത്തിയത്. 2021ലാണ് ആര്‍ഷോ അഡ്മിഷന് നേടിയത്. 2022 ഡിസംബറിലായിരുന്നു പരീക്ഷ നടന്നത്.
എം.വി ഗോവിന്ദന്റെ വാക്കുകള്‍
അതിനകത്ത് വലിയ ഗൂഢാലോചന എസ്എഫ്ഐക്ക് എതിരെ നടക്കുന്നുണ്ട്. എസ്എഫ്ഐയെ കുറ്റപ്പെടുത്തിക്കൊണ്ട് വാര്‍ത്തകള്‍ ചമക്കുന്നതിന് പിന്നിലെ ശക്തികള്‍ ശക്തി ആരാണെന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. പരീക്ഷ എഴുതാതെ ആരെങ്കിലും ജയിക്കുമോ? അങ്ങനെ ഏതെങ്കിലും ലിസ്റ്റ് വരുമോ? എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ ഇങ്ങനെ തികച്ചും തെറ്റായ ആരോപണം ഉന്നയിക്കുകയും അത് കേരളത്തിലും ലോകത്തിലും മുഴുവന്‍ നിങ്ങളെല്ലാം കൂടി വാര്‍ത്തയാക്കി എസ്എഫ്ഐയെ കുറ്റപ്പെടുത്തി വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അത് തെറ്റായ സമീപനമാണ്. കൃത്യമായ അന്വേഷണം നടത്തി അതിന്റെ കാരണം കണ്ടെത്തണം. വാര്‍ത്ത വന്നതും ഗൂഢാലോചനയാണ്.
മഹാരാജാസിലെ വ്യാജ രേഖ ചമക്കല്‍ സംഭവം ഒക്കെ പരിശോധിക്കട്ടെ. അതിനൊന്നും കൂട്ടുനില്ക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ല. തെറ്റായ നിലപാട് സ്വീകരിച്ച ആരെയും പിന്തുണക്കില്ല. അതുപോലെ തെറ്റായ പ്രചരണം നടത്തുന്ന ഒന്നിന്റെയും പിന്നില്‍ നില്‍ക്കുകയും ചെയ്യില്ല.