മുട്ടില്‍ മരം മുറി കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഭൂവുടമകളുടെ പേരില്‍ നല്ലകിയിട്ടുള്ള ഏഴ് അപേക്ഷകള്‍ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അപേക്ഷകള്‍ എഴുതി തയ്യാറാക്കി നല്കി ഒപ്പിട്ടത് പ്രതിയായ റോജി അഗസ്റ്റിനാണ്. കൈയ്യക്ഷര പരിശോധനയിലാണ് കണ്ടെത്തല്‍.
ആദിവാസികളുടെയും ചെറുകിട കര്‍ഷകരുടെയും പേരിലാണ് അപേക്ഷ തയ്യാറാക്കിയത്. പ്രതികളുടേത് ഉള്‍പ്പെടെ 65 ഉടമകളില്‍ നിന്നാണ് മരം മുറിച്ച് കടത്തിയത്. ഇവരില്‍ കൂടുതലും ചെറുകിട കര്‍ഷകരും ആദിവാസികളുമാണ്.
ഇതുമായി ബന്ധപ്പെട്ട് മുട്ടില്‍ വില്ലേജ് ഓഫീസില്‍ നിന്നും വ്യാജ അപേക്ഷകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡി.എന്‍.എ പരിശോധനാ ഫലവും നേരത്തെ പുറത്ത് വന്നിരുന്നു. ഇതോടെ കേസില്‍ പൊലീസിന്റെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഡി.എന്‍.എ പരിശോധനയില്‍ കുറ്റിയും മുറിച്ച് മാറ്റിയ തടിയും ഒന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇതും പ്രതികള്‍ക്ക് തിരിച്ചടിയാകും. പീച്ചിയിലെ വനം ഗവേഷണ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് വയസ്സ് നിര്‍ണയം നടത്തിയത്.
ഭൂപരിഷ്കരണ നിയമത്തിന് ശേഷം പട്ടയഭൂമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം പൊട്ടിമുളച്ചതുമായ മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ അനുവാദം നല്കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ച് മാറ്റിയത്. റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍.
പെരുമ്പാവൂരിലെ ഫോറസ്റ്റ് ഡിപ്പോയില്‍ നിന്ന് മുറിച്ച മരങ്ങള്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്.
പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസുകളില്‍ ഏഴ് കേസുകളില്‍ കുറ്റപത്രം നല്കി. പ്രധാനപ്പെട്ട കേസായ മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്. താനൂര്‍ ഡി.വൈ.എസ്.പി വി.പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.