കൊച്ചി: കടുത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്തെ പരക്കെ മഴ. ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും ഉച്ചക്ക് ശേഷം വിവിധയിടങ്ങളിലായി വേനൽ മഴ ലഭിച്ചിട്ടുണ്ട്. പലയിടത്തും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. രാത്രിയോടെ കൂടുതൽ ശക്തമായി മഴ ലഭിക്കാനാണ് സാധ്യത. ഇന്ന് വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്.
അതേസമയം അങ്കമാലിയിൽ ഇടിമിന്നൽ ഏറ്റ് സ്ത്രീ മരിച്ചു. അങ്കമാലി ബിജെപി മുനിസിപ്പൽ കൗൺസിലർ രഘുവിന്റെ അമ്മയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മുന്നേ മുക്കാലോടെയാണ് മഴയും ഇടിമിന്നലും ഉണ്ടായത് .
ശ്രീലങ്കക്ക് സമീപം നില കൊണ്ടിരുന്ന അന്തരീക്ഷ ചുഴിയെ തുടർന്ന് കേരളത്തിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചു. എന്നാൽ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ധാരാളം മേഘങ്ങൾ കേരളത്തിന് മുകളിലെത്തിയെങ്കിലും കാറ്റ്, അന്തരീക്ഷ ആർദ്രത (humidity ) തുടങ്ങിയ ഘടകങ്ങൾ മഴക്ക് അനുകൂലമല്ലാതെ തുടർന്നതിനാൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല.