കൊച്ചി :തിയേറ്ററുകളും,മലയാളികളുടെ മനസ്സും ചിരിയുടെ പൂരപ്പറമ്പാക്കിയ ചിരിയുടെ സുൽത്താൻ ഷാഫി വിട പറഞ്ഞു(56).തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു വിയോഗം.മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ.
1995-ല്‍ രാജസേനന്റെ ‘ആദ്യത്തെ കണ്മണി’ എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടാണ് തുടക്കം. 2001-ല്‍ ജയറാം നായകനായ ‘വണ്‍മാന്‍ഷോ’യിലൂടെ സ്വതന്ത്രസംവിധായകനായി. രണ്ടാമത്തെ ചിത്രമായ കല്യാണരാമന് വന്‍ഹിറ്റായതോടെ ഷാഫി മലയാളസിനിമയില്‍ ഇരിപ്പിടമുറപ്പിച്ചു. തുടര്‍ന്ന് ‘പുലിവാല് കല്യാണം’, ‘തൊമ്മനും മക്കളും’, ‘മായാവി’, ‘ചോക്ലേറ്റ്’, ‘ചട്ടമ്പിനാട്’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ തുടങ്ങിയ സിനിമകളും വലിയ ഹിറ്റുകളായി. 17 സിനിമകള്‍ സംവിധാനം ചെയ്തു. ‘തൊമ്മനും മക്കളും’ എന്ന സിനിമയുടെ റീ-മേക്കായ ‘മജ’യിലൂടെ തമിഴിലും സാന്നിധ്യമറിയിച്ചു. 2022-ല്‍ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദം’ ആണ് അവസാന ചിത്രം.
ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്; സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും.