ഫിഫ ലോകകപ്പ് ഫുട്ബോൾ കാണികൾക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ ദുബായിൽ അനുവദിച്ചു തുടങ്ങിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ഹയ്യാ കാർഡ് ഉടമ്മ- ജോർദാൻ സ്വദേശി മുഹമ്മദ് ജലാലിന്റെ പേരിലാണ് ആദ്യത്തെ വീസ ഇഷ്യു ചെയ്തത്. ദുബായ് വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും തിരിച്ചു പോക്കും വേഗത്തിലാക്കാൻ മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരക്കാർക്ക് അതിവേഗം വീസ ലഭ്യമാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തമാക്കി.
2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനുള്ള യുഎഇയുടെ പിന്തുണകൂടിയാണ് ഈ വീസ നടപടി. 90 ദിവസത്തൊക്കാണ് മൾട്ടിപ്പിൾ എൻട്രി വീസ അനുവദിക്കുന്നത്. ഫുട്ബോൾ പ്രേമികൾക്കും ദുബായിലെ പുതുവത്സരാഘോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ആകർഷകമായ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പാക്കേജ് നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ലഫ്റ്റനന്റ് ജനറൽ പറഞ്ഞു.
നിരവധി തവണ മത്സരങ്ങൾക്കായി ദുബായ്ക്കും ദോഹയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന മൾട്ടിപ്പിൾ സന്ദർശക വിസയാണ് യു.എ.ഇ ഹയ്യ കാർഡ് ഉടമകൾക്ക് അനുവദിക്കുന്നത്. ഒരു മണിക്കൂറാണ് ഖത്തറിനും യു.എ.ഇക്കുമിടയിലെ വിമാന യാത്രാ സമയം. ലോകകപ്പ് വേളയിൽ ഫ്ലൈ ദുബായ് ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിന ഷട്ടിൽ വിമാനസർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.