തിരുവനന്തപുരം: കടുത്ത മഴക്ഷാമം നേരിട്ട ആഗസ്റ്റ് മാസത്തിന് ശേഷം ആശ്വാസമഴയാണ് കേരളത്തിന് സെപ്തംബറിൽ ലഭിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധർ നൽകുന്ന സൂചന അനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി മഴ തുടരും. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് നിലവിൽ ശക്തമായ മഴയുള്ളത്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതചുഴി നാളെയോടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് ന്യൂനമർദ്ദം ഒഡിഷ – ആന്ധ്രാ തീരത്തേക്ക് സഞ്ചരിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. 00 കേരളത്തിൽ നിലവിൽ മധ്യ തെക്കൻ കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ അടുത്ത 2-3 ദിവസം കൂടി തുടരും. ചിലയിടങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലയിൽ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യത ഉള്ളതിനാൽ ഈ മേഖലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം. ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീരത്തോട് അടുക്കുന്നതിനനുസരിച്ചു കേരള തീരത്ത് കാലവർഷകാറ്റ് ശക്തി പ്രാപിക്കാനും മധ്യ വടക്കൻ കേരളത്തിലേക്ക് മഴ വ്യാപിക്കാനും സാധ്യതയെന്ന് പ്രഥമിക സൂചന.
ഓഗസ്റ്റ് മാസത്തിലെ 31 ദിവസത്തിൽ ആകെ ലഭിച്ചത് 60 mm മഴയാണെങ്കിൽ സെപ്റ്റംബറിലെ ആദ്യ നാല് ദിവസം കൊണ്ട് തന്നെ 51 mm മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിൽ 189 mm മഴയാണ് പെയ്തത്. കൂടാതെ ആലപ്പുഴ, കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം, എറണാകുളം ജില്ലകളിലും കൂടുതൽ മഴ ലഭിച്ചു. അതേസമയം ആഗസ്റ്റ് മാസത്തിൽ എന്ന പോലെ വടക്കൻ ജില്ലകളിൽ ഇപ്പോഴും മഴക്കുറവ് തുടരുകയാണ്. കണ്ണൂരിൽ ആകെ ലഭിച്ചത് 1.6 mm( ആകെ 4%) കാസറഗോഡ് ( 6.4) വയനാട് ( 6.4). ന്യൂനമർദ്ദം കരയോട് അടുക്കുന്ന മുറയ്ക്ക് ശക്തമായ മഴ വടക്കൻ ജില്ലകളിലേക്കും വ്യാപിക്കും.
ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ഉൾപ്പെടുന്ന മധ്യകേരളത്തിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ സജീവമായിരിക്കും എന്നാണ് പ്രവചനം.