കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻറും പ്രതി. കണ്ണൂർ ടൗൺ പൊലീസെടുത്ത കേസിലാണ് കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് പ്രതിയായിരിക്കുന്നത്.
കണ്ണൂർ ബ്ലോക്കിൽ 494 പേരിൽ നിന്ന് മൂന്നു കോടിയോളം തട്ടിയെന്നാണ് കേസ്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണൻ ഉൾപ്പെടെ ഏഴു പ്രതികളാണുള്ള്. അനന്തു കേസിൽ ബലിയാടായതാണെന്നും നിയമോപദേശം താൻ നൽകിയിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ബന്ധമില്ലെന്നും ലാലി വിൻസെൻറ് പ്രതികരിച്ചു.
അനന്തു തനിക്ക് മകനെ പോലെയാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായിട്ടായിരിക്കാമെന്നും ലാലി വിൻസെൻറ് പറഞ്ഞു. സിഎസ്ആർ ഫണ്ടിൻറെ പേരിലുള്ള തട്ടിപ്പിൽ പ്രതി അനന്തുകൃഷ്ണനെതിരെ കൂടുതൽ ആരോപണം ഉയർന്നു. 25 ലക്ഷം രൂപ വായ്പ വാങ്ങി തിരിച്ചു നൽകിയില്ലെന്ന പരാതിയുമായി ബിജെപി വനിത നേതാവ് രംഗത്തെത്തി.