വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥ പുരത്ത് നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വരാണസി മണ്ഡലത്തിന് പുറമെയാണ് തമിഴ്നാട്ടില്‍ കൂടി മത്സരിച്ചേക്കുമെന്ന സൂചനയുള്ളത്. ബിജെപിയുടെ 150 പേര് ഉള്‍പ്പെട്ട ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും ഇന്ന് പ്രഖ്യാപിച്ചേക്കും.
മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് രാമനാഥപുരം. രാമേശ്വരം ക്ഷേത്രം നിലനില്ക്കുന്നതും രാമനാഥപുരത്താണ്. മുസ്ലീം ലീഗ് നേതാവായ നവാസ് കനിയാണ് നിലവിലെ രാമനാഥപുരം എം.പി. ബിജെപി സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രനെ പരാജയപ്പെടുത്തിയാണ് 2019ല്‍ നവാസ് കനി സീറ്റ് നേടിയത്.
രാമനാഥപുരത്തെ പ്രതിനിധീകരിച്ച് നവാസ് കനി തന്നെയായിരിക്കും ഇന്ത്യ മുന്നണിയെ പ്രതിനിധീകരിച്ച് രാമനാഥപുരത്ത് മത്സരിക്കുകയെന്നാണ് വിവരം.
അതേസമയം വരാണസി തന്നെയായിരിക്കും മോദിയുടെ പ്രഥമ മണ്ഡലം. ദക്ഷിണേന്ത്യയില്‍ കാര്യമായി ബിജെപിക്ക് നേട്ടം കൈവരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മോദി തമിഴ്നാട്ടിലും മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.