നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ് താരത്തെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
പേശികൾക്ക് ബലക്ഷയമുണ്ടാകുന്ന രോഗമാണ് ബെൽസ് പാൾസി. മുഖത്തിന്റെ ഒരു വശത്തെ മുഴുവനായും ബാധിക്കുന്ന ഈ അസുഖം മൂലം കണ്ണുകൾ ബലമായി അടയ്ക്കേണ്ട അവസ്ഥയും വായുടെ ഒരുവശം താഴ്ഭാഗത്തേക്കായിരിക്കുന്ന സ്ഥിതിയും ഉണ്ടാകും.
താരം തന്നെയാണ് അസുഖവിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ‘വിജയകരമായി ആശുപത്രിയിൽ കയറി. ബെൽ പാൾസി എന്ന അസുഖമാണ് ബാധിച്ചിരിക്കുന്നത്. ചിരിക്കുമ്പോൾ ഒരു ഭാഗം മാത്രമേ അനക്കാൻ പറ്റൂ. ഒരു കണ്ണ് ബലം പ്രയോഗിച്ചാൽ മാത്രമേ അടയ്ക്കാൻ സാധിക്കൂ. പാർഷ്യൽ പരാലിസിസ് എന്ന രീതിയിലാണ് ഇപ്പോഴുള്ളത്. മാറും എന്ന് ഡോക്ടർമാർ പറയുന്നുണ്ട്. നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലാണുള്ളതെന്നും മിഥുൻ പറഞ്ഞു.