മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ഹൊറര്‍ ജോണറില്‍ പെടുന്ന ചിത്രം ഫെബ്രുവരി 15നാണ് തിയേറ്ററിലെത്തിയത്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ച സിനിമയാണ് ഭ്രമയുഗം. ചിത്രം ഹൊറര്‍ ജോണറാണെങ്കിലും പേടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഭ്രമയുഗം എടുത്തതെന്ന് രാഹുല്‍ സദാശിവന് ദി എഡിറ്റോറിയലിനോട് പറഞ്ഞു. അതോടൊപ്പം ഹൊറര്‍ സിനിമയെടുക്കുന്ന സംവിധായകന് എന്ന പേര് വരുന്നതില്‍ തനിക്ക് സന്തോഷമാണ് ഉള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ബ്ലാക്ക് ആന്റ് വൈറ്റ് ഒരു പ്രശ്നമായിരിക്കില്ലെന്ന് ആദ്യമെ അറിയാമായിരുന്നു
ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരു സിനിമ എടുക്കുക എന്നതിലെ റിസ്ക് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ മാത്രം ഉള്ള ഒന്നാണ്. പക്ഷെ അങ്ങനെയൊരു പ്രൊഡ്യൂസര്‍ ഉള്ളത് കൊണ്ടും ആ ഒരു എക്സൈറ്റ്മെന്റ് പ്രൊഡക്ഷന്‍ ഹൗസും പ്രൊഡ്യൂസറും കാണിച്ചത് കൊണ്ടും ആ റിസ്ക് എലമെന്റ് പൂര്‍ണ്ണമായും ഒഴിവായി. കഥ ഹുക്കിംഗ് ആണെങ്കിലും നരേറ്റീവ് നല്ലതാണെങ്കിലും പിന്നെ ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ഫോര്‍മാറ്റ് ഒരു പ്രശ്നമായിരിക്കില്ലെന്ന് ആദ്യമെ നമുക്ക് അറിയാമായിരുന്നു. പിന്നെ പ്രൊഡ്യൂസറിന്റെ എക്സൈറ്റ്മെന്റ് ഈ സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍ ചെയ്യണം എന്നത് തന്നെയായിരുന്നു.
തുടക്കത്തില്‍ തന്നെ കൊടുമണ്‍ പോറ്റി മമ്മൂക്കയായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു
2017-18 കാലഘട്ടത്തിലാണ് ഭ്രമയുഗത്തിന്റെ കഥയുടെ തുടക്കം. എഴുതി വെച്ച ഇങ്ങനത്തെ ഒരുപാട് ഐഡിയകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നാണ് ഭ്രമയുഗം. പിന്നെ അതിന് വലിയ സ്റ്റാര്‍ കാസ്റ്റ് വേണം എന്ന് ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അത് മാറ്റി വെക്കുകയായിരുന്നു. ഭൂതകാലത്തിന്റെ വിജയത്തിന് ശേഷമാണ് പൂര്‍ണ്ണമായും ഭ്രമയുഗത്തിലേക്ക് ഇരിക്കാന്‍ തുടങ്ങിയത്. ഭ്രമയുഗത്തില്‍ മമ്മൂക്ക തന്നെയായിരിക്കുമെന്ന് തുടക്കം മുതലെ ഞാന്‍ വിചാരിച്ചതാണ്. അത് ചെയ്യുകയാണെങ്കില്‍ അതില്‍ പ്രധാന കഥാപാത്രം മമ്മൂക്കയായിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ആദ്യം തൊട്ടെ ആ കഥാപാത്രം വേറെ ആര്‍ക്കും ആലോചിച്ചിട്ടില്ല മനസില്‍. അന്നെ എന്റെ കയ്യില്‍ മമ്മൂക്കയുടെ ഒരു സ്കെച്ച് ഉണ്ടായിരുന്നു.
അധികാരമുണ്ടെങ്കില്‍ അവിടെ അഴിമതിയും ഉണ്ടാകും
അധികാര രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നു എന്ന് പറയുമ്പോള്‍ ഭ്രമയുഗം ഒരു പൊളിറ്റിക്കല്‍ സിനിമയാണ്. പക്ഷെ ഫോര്‍മാറ്റില്‍ ഇതൊരു ഹൊറര്‍ സിനിമയാണ്. പിന്നെ ഭൂതകാലത്തില്‍ മാനസിക ആരോഗ്യ പ്രശ്നത്തെ കുറിച്ച് സംസാരിച്ച പോലെ ഭ്രമയുഗത്തിലെ ചെറിയൊരു എലമെന്റ് ആണ് അഴിമതിയും അധികാരവും. അധികാരമുണ്ടെങ്കില്‍ അവിടെ അഴിമതിയും ഉണ്ടാകും എന്ന് പറഞ്ഞ് വെക്കുകയാണ് ചെയ്തിരിക്കുന്നത്. അത് സിനിമയില്‍ ഒരു അണ്ടര്ലൈങ് എലമെന്റ് മാത്രമാണ്.
മലയന്‍കുഞ്ഞ് കണ്ടാണ് ജ്യോതിഷിനെ വിളിക്കുന്നത്
ഭ്രമയുഗത്തിന്റെ ആര്‍ട്ടും പ്രൊഡക്ഷന്‍ ഡിസൈനും ചെയ്തത് ജ്യോതിഷ് ശങ്കര്‍ ആണ്. ഭയങ്കര ക്രിയേറ്റീവ് ആയിട്ടുള്ള ഒരാളാണ് ജ്യോതിഷ്. അത് നമുക്ക് സിനിമയിലെ ഫ്രെയിമുകള്‍ കാണുമ്പോള്‍ തന്നെ അറിയാം. വളരെ മനോഹരമായാണ് അത് പ്ലേസ് ചെയ്തിരിക്കുന്നത്. എല്ലാം സെറ്റ് ചെയ്തിരിക്കുന്നത് നല്ല രസത്തിലാണ്. മലയന്‍കുഞ്ഞ് കണ്ടിട്ടാണ് ഞാന്‍ ജ്യോതിഷിനെ വിളിച്ച് ഇങ്ങനെയൊരു സിനിമയുണ്ട് നമുക്ക് വര്‍ക്ക് ചെയ്യാമെന്ന് പറയുന്നത്. അത് ഗംഭീര വര്‍ക്കാണ്. ആര്‍ട്ട് തന്നെയാണ് ഭ്രമയുഗത്തിന്റെ വലിയൊരു സ്പ്പോര്‍ട്ട്.
ഭ്രമയുഗം വലിയൊരു സിനിമയാണ്
ഒരു വീടിന്റെ ഉള്ളില്‍ തന്നെ എല്ലാം നടക്കണം എന്ന് കരുതി എഴുതിയതല്ല ഭ്രമയുഗം. ഭൂതകാലവുമായി ഭ്രമയുഗത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ വലിയൊരു സിനിമയാണ്. ആ സെറ്റിംഗാണ് ഇവിടെ പ്രധാനം. ഭ്രമയുഗത്തിന്റെ സ്പേസും മൂഡും മനസിലാക്കാന്‍ അങ്ങനെയൊരു സെറ്റിംഗ് പ്രധാനമാണ്. പിന്നെ നടന്മാരുടെ പ്രകടനം കൂടി വരുമ്പോള്‍ അത് സിനിമയെ പൂര്‍ണ്ണമായും മികച്ചതാക്കുകയാണ് ചെയ്യുന്നത്.
ഹൊറര്‍ സിനിമയെടുക്കുന്ന സംവിധായകന് എന്ന പേര് വരുന്നതില്‍ സന്തോഷമെയുള്ളു
ഹൊറര്‍ ജോണറില്‍ തന്നെ ഒരുപാട് കഥകള്‍ ഉണ്ട് പറയാന്‍. പിന്നെ മലയാളത്തില്‍ ഇത് അധികം എക്സ്പ്ലോര്‍ ചെയ്യാത്ത ഒരു ജോണറാണ്. അതുകൊണ്ട് തന്നെ വലിയ സാധ്യതകള്‍ ഉണ്ട്. പിന്നെ എനിക്ക് പൊതുവെ ഇഷ്ടമാണ് ഇത്തരം കഥകള്‍. ഹൊറര്‍ സിനിമയെടുക്കുന്ന സംവിധായകന് എന്ന പേര് വരുന്നതില്‍ സന്തോഷമെ ഉള്ളു. അതില്‍ എനിക്ക് കുഴപ്പം ഒന്നുമില്ല.
മമ്മൂക്കയില്‍ നിന്ന് വരുന്നതെന്തും അറിവായിരുന്നു
മമ്മൂക്കയുമായുള്ള വര്‍ക്കിംഗ് എക്സ്പീരിയന്‍സ് നല്ലതായിരുന്നു. വളരെ നല്ലൊരു അനുഭവമായിരുന്നു. അദ്ദേഹം 400ല്‍ അധികം സിനിമകള്‍ ചെയ്ത വ്യക്തിയാണ്. ഇതെന്റെ മൂന്നാമത്തെ സിനിമ മാത്രമാണ്. അതുകൊണ്ട് മമ്മൂക്കയില്‍ നിന്ന് വരുന്നതെന്തും ഒരു അറിവായിരുന്നു. പിന്നെ മമ്മൂക്ക പറയുന്നത് കേട്ടിരിക്കാനും സംസാരിച്ച് ഇരിക്കാനും നല്ല രസമാണ്. ഷൂട്ട് ചെയ്ത ഓരോ ദിവസവും നല്ല നിമിഷങ്ങളായിരുന്നു. എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷമായിരുന്നല്ലോ. അത് വലിയൊരു അനുഭവം തന്നെയായിരുന്നു.
പേടിപ്പിക്കാനല്ല ഭ്രമയുഗം എടുത്തത്
സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍ തന്നെ വളരെ വ്യക്തമായി ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു. പേടിക്കുമെന്ന് പറഞ്ഞ് ഭ്രമയുഗം വന്ന് കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ നിരാശരാവും. കാരണം ഈ സിനിമയ്ക്ക് പേടിപ്പിക്കുക എന്നൊരു ഇന്റന്‍ഷന്‍ ഇല്ല. അഭിനേതാക്കളുടെ പ്രകടനത്തിലാണ് ഇത് നില്‍ക്കുന്നത്. ഇത് ഒരു വ്യത്യസ്തമായ ഹൊറര്‍ സിനിമയാണ്.
എനിക്ക് എല്ലാ ജോണറും ഇഷ്ടമാണ്
മറ്റ് ജോണറുകള്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ട്. പക്ഷെ കയ്യില്‍ ഉള്ളതൊക്കെ ഒക്കെ കഴിയട്ടെ എന്ന് വിചാരിച്ചു. അതിന് ശേഷം പിന്നെ ചെയ്യാമല്ലോ. എനിക്ക് എല്ലാ ജോണറും ഇഷ്ടമാണ്. ആക്ഷന്‍, ഡ്രാമയെല്ലാം ഇഷ്ടമാണ്. എനിക്ക് ഇനിയും ഒരുപാട് കഥകള്‍ പറയാനുണ്ട്. അപ്പോള്‍ ഓരോന്ന് ഓരോന്നായി ഇറക്കാം എന്ന് വിചാരിച്ചു.
Evil Always Win
സിനിമയില്‍ അവസാനം പറഞ്ഞ് വെക്കുന്നത് Evil Always Win എന്നതാണ്. പിന്നെ എപ്പോഴും സാധാരണക്കാരാണ് എല്ലാതരത്തിലുമുള്ള അധികാര സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നത്. അത് തന്നെയാണ് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിട്ടുള്ളതും.