ലോകസിനിമയുടെ ചരിത്രത്തിലാദ്യമായി നടക്കാൻ പോകുന്ന ഗോത്രഭാഷാ ചലച്ചിത്രോത്സവത്തിന് അട്ടപ്പാടിയിൽ തിരിതെളിഞ്ഞു. ദേശീയ പുരസ്കാര ജേതാവും ഗായികയുമായ നഞ്ചിയമ്മ കൊടിയുയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വിജീഷ് മണി ഫിലിം ക്ലബ്ബാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്.
ചരിത്രത്തിൽ ആദ്യമായി ഗോത്രഭാഷകളിൽ മാത്രം നിർമ്മിച്ച സിനിമകൾ പ്രദർശിപ്പിക്കുന്ന മേളയുടെ ലോഗോ ലോഞ്ച് പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടി നേരത്തേ നിർവഹിച്ചിരുന്നു. ഓഗസ്റ്റ് ഒൻപത്, ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് 7,8,9 തിയതികളിലായി അട്ടപ്പാടിയിൽ വച്ച് നടക്കുന്ന ചലച്ചിത്രമേളയിൽ ഇന്ത്യയിലെ വിവിധ ഗോത്രഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിവിധ ഗോത്രഭാഷാ കലാകാരന്മാരും മറ്റ് സിനിമാ പ്രവർത്തകരും മേളയിൽ പങ്കെടുക്കുമെന്ന് മേള ഡയറക്ടർ വിജീഷ് മണി അറിയിച്ചു. ഇരുള, കുറുമ്പ, മുഡുക എന്നീ ഗോത്രഭാഷകളിൽ മൂന്നോളം സിനിമകൾ വിജീഷ് സംവിധാനം ചെയ്തിട്ടുണ്ട്. പത്ത് ഗോത്രഭാഷകളിലായി സിനിമകൾ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ് വിജീഷ് മണി.
മറ്റ് പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ ഗോത്ര ഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് കുറവാണ്. വേണ്ടത്ര അംഗീകാരം ലഭിക്കാത്തതാണ് ഇത്തരമൊരു ചലച്ചിത്ര മേള സംഘടിപ്പിക്കാനുണ്ടായ ഏക കാരണമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ വിജീഷ് മണി അറിയിച്ചു. വടികി, വെല്ലമ്മ, കുപ്പുസാമി, ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി, ഷറഫുദ്ധീൻ, കാളിസ്വാമി, അഖിലേഷ് കൈലാഷ്, രാമദാസ്, ബാലൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മേളയ്ക്ക് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചു.