ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന് രമേശ് തന്റെ ജോലിസ്ഥലത്തേത്ത് തിരിച്ചെത്തി. മിഥുന് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഞാന്‍ തിരിച്ചെത്തി എന്റെ ജോലി ആരംഭിച്ചു. 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ. ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും. പക്ഷേ ഇത് സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസകളും മെസേജുകളും ഒക്കെ കൊണ്ടാണ്. എന്റെ ഹൃദയം നിറഞ്ഞ നന്ദി, മിഥുന് രമേശ് ഫേസ്ബുക്ക് സ്റ്റോറിയായി വീഡിയോയ്ക്കൊപ്പം കുറിച്ചു.
താന്‍ ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സ തേടിയതായി ഈ മാസം മൂന്നാം തീയതിയാണ് മിഥുന് രമേശ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുന് രമേശ് ചികിത്സ തേടിയത്.