ഗായകന് സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതി അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണന് ആണ് അറസ്റ്റിലായത്. അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരായി ചുമത്തിയിട്ടുണ്ട്. പൂജപ്പുര പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര നടത്തിയ വിവാദ പ്രസ്താവനയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സൂരജ് സന്തോഷിന് നേരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൂരജ് സന്തോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്നായിരുന്നു കെ.എസ് ചിത്രയുടെ ആഹ്വാനം. ഇതിനെതിരെയായിരുന്നു സൂരജിന്റെ വിമര്‍ശമം.
പള്ളി പൊളിച്ചാണ് ക്ഷേത്രം പണിതതെന്ന വസ്തുത മറക്കുന്നു. എത്രയെത്ര ചിത്രമാര്‍ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ സൂരജ് ഗായക സംഘടനയില്‍ നിന്നും രാജി വെക്കുകയും ചെയ്തിരുന്നു.