തിരുവനന്തപുരം: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള മിഷൻ അരിക്കൊമ്പൻ നാളെ ആരംഭിക്കും. നാളെ പുലർച്ച നാല് മണിയോടെ അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പിൻ്റെ ദൗത്യസംഘം കാട് കേറും. സിസിഎഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
അരിക്കൊമ്പനെ പിടികൂടുന്നതിൻറെ ഭാഗമായുള്ള മോക്ക് ഡ്രിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പിനെ കൂടാതെ കേരള പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, മോട്ടോർവാഹനവകുപ്പ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും മോക്ക് ഡ്രില്ലിൽ പങ്കെടുക്കുന്നുണ്ട്. ആകെ എട്ട് സംഘങ്ങളാണ് ദൗത്യത്തിൻ്റെ ഭാഗമാക്കുക. സുരക്ഷിതമായ സ്ഥലത്തേക്ക് ആനയെത്തി കഴിഞ്ഞാൽ ഉടൻ വെടിവയ്ക്കുക എന്നതാണ് തന്ത്രം. കാലാവസ്ഥ അനുകൂലമായിരിക്കുകയും വേണം. മയക്കുവെടി വച്ച ശേഷം അരിക്കൊമ്പന് അരികിലേക്ക് കുങ്കിയാനകളും ലോറിയും എത്തിക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ ലോറിയിൽ കേറ്റി മൂന്നാറിന് പുറത്തേക്ക് മാറ്റും.
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിന് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിലെ വിവരങ്ങൾ വനംവകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി.