സംസ്ഥാനത്ത് അമ്പതില്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം ശിശുപരിപാലന കേന്ദ്രം എന്നിവ കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സര്‍വേ നടത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.
സെക്രട്ടേറിയറ്റിലെ നവീകരിച്ച മോഡല്‍ ക്രഷ്, പൂജപ്പുര വനിതാ ശിശുവികസന ഡയറക്ടറേറ്റ് കോംപ്ലക്സില്‍ സജ്ജീകരിച്ചിട്ടുള്ള ക്രഷ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചിരുന്നു. ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ലഭ്യമാക്കേണ്ടത് ജീവനക്കാരുടെ ആവകാശമാണ്. അവ ഇല്ലാത്ത ഇടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉടമകളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
വനിതാ ശിശുക്ഷേമ വകുപ്പ് മുഖേന 25 ക്രഷുകള്‍ ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. അതില്‍ 18 ക്രഷുകള്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ക്രഷ് ഒന്നിന് രണ്ട് ലക്ഷം രൂപ നിരക്കില്‍ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.