സെൻട്രൽ മെക്സിക്കോയിലെ ഒരു ബാറിൽ അപ്രതീക്ഷിതമായുണ്ടായ വെടിപ്പിൽ 10 പേർ കൊല്ലപ്പെട്ടു. സമീപ വർഷങ്ങളിലായി എതിരാളികളായ മയക്കു മരുന്ന് സംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവാറുണ്ട്. ഇതും അതിൽ ഉൾപ്പെട്ടതായിരിക്കാമെന്ന് ഗ്വാനജുവട്ടോ സംസ്ഥാനത്തെ ടാരിമോറോ പട്ടണത്തിലെ പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണത്തിൽ കൊല്ലപ്പെട്ട 10 പേരും പുരുഷന്മാർ ആണ്. അതിൽ ഒൻപത് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാൾ പരിക്ക് പറ്റി ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മരിച്ചത്. അതേസമയം ഇതുവരെ അക്രമണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. എന്നാൽ വെടിവെപ്പിനെ ഭീരുത്വപൂർണമായ ആക്രമണം എന്നാണ് ഗ്വാനജുവട്ടോ ഗവർണർ ഡീഗോ സിൻഹ്യൂ റോഡ്രിഗസ് വിശേഷിപ്പിച്ചത്. കൂടാതെ കൊല്ലപ്പെട്ട കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.
മെക്സിക്കൻ സംസ്ഥാനങ്ങളിൽ ഈ വർഷം ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് ഗ്വാനജുവട്ടോയിലാണ്. ജനുവരി മുതൽ ഓഗസ്റ്റ് വരെ വിവിധ അക്രമണങ്ങളിലായി 2115 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഫെഡറൽ സുരക്ഷാ മന്ത്രാലയം അറിയിച്ചു. എന്നാൽ ആക്രമണം നടന്ന ദിവസം പ്രദേശത്ത് ആകെ 20 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ വെളിപ്പെടുത്തി.