കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി. ഇരുവരുടെയും വിടുതൽ ഹർജി എറണാകുളം സിബിഐ കോടതി തള്ളി. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്.
കേസിൽ ഇരുവർക്കും എതിരെ കൊലപാതകം, ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. 2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനത്തിനുനേരെ തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചെറുകുന്ന് കീഴറയിൽ വച്ച് ഷുക്കൂർ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിച്ചതിനുശേഷം ജയരാജനെയും രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന ഇവിടെ വച്ച് നടന്നുവെന്നാണ് സിബിഐ കണ്ടെത്തൽ.