ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വരും മാസങ്ങളിൽ ഘട്ടം ഘട്ടമായി വലിയ തോതിൽ ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയുടെ മാതൃ കമ്പനിയാണ് മെറ്റ. കഴിഞ്ഞ നവംബറില്‍ 13 ശതമാനത്തോളം ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. അന്ന് 11,000ത്തോളം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. അതേസമയം ഇപ്പോൾ പിരിച്ചുവിടുന്നവരുടെ ആദ്യഘട്ട പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
എൻജിനീയറിംങ് ഇതര ജീവനക്കാരെയാണ് പിരിച്ചുവിടൽ കാര്യമായി ബാധിക്കുക. കൂടാതെ കമ്പനി ചില പ്രോജക്ടുകളും ഇതോടൊപ്പം നിർത്തി വെയ്ക്കും. ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നത്. കൂടാതെ മെറ്റയുടെ പരസ്യവരുമാനത്തിൽ ഉണ്ടായ കനത്ത ഇടിവും പിരിച്ചുവിടലിന് കാരണമാണ്. എന്നാൽ മെറ്റ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നവംബറിലുണ്ടായ പിരിച്ചു വിടലിന് പിന്നാലെ പുതിയ നിയമനങ്ങളും മെറ്റ മരവിപ്പിച്ചിരുന്നു. കൂടാതെ ജോലിയില്‍ പ്രവേശിക്കാനിരുന്നവര്‍ക്ക് അയച്ചിരുന്ന ജോബ് ഓഫറുകളും പിന്‍വലിച്ചു. അതേസമയം 2004ല്‍ കമ്പനി ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇപ്പോൾ നടക്കുന്നത്. വരുമാന നഷ്ടം മുൻനിർത്തി ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികൾ പലരും ജീവനക്കാരെ വെട്ടി കുറയ്ക്കുന്നത് തുടരുകയാണ്. മെറ്റയാണ് ഇതിൽ രണ്ടാംഘട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ച ഏറ്റവും വലിയ കമ്പനി.