സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ മാറ്റമില്ലാതെ വര്‍ധന തുടരുന്നു. കഴിഞ്ഞ ദിവസം 115 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1749 ആയി.

കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവകാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍.
ജില്ലാ തലത്തില്‍ രോഗലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കാനും ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനകള്‍ കൂടുതല്‍ നടത്താനും രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ഇന്ത്യന്‍ സാഴ്സ് COV-2 ജെനോമിക്സ് കണ്‍സോര്‍ഷ്യം ലബോറട്ടറികളില്‍ ജനിതക ശ്രേണീ പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
അതേസമയം കേരളത്തില്‍ നവമ്പര്‍ മുതല്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. പത്ത് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇവരെല്ലാം തന്നെ ഗുരുതരമായ രോഗമുണ്ടായിരുന്നവരാണെന്നും മന്ത്രി അറിയിച്ചു.
