യോഗയിലൂടെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിടുകയാണ് ദുബായിലെ സബീൽ പാർക്ക്. വിവിധ രാജ്യങ്ങളിലുള്ള ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുള്ള യോഗയിലൂടെയാണ് നേട്ടം കൈവരിക്കാനൊരുങ്ങുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 2000 പേർ പങ്കെടുക്കുന്ന യോഗയായിരിക്കും
ശനിയാഴ്ച സബീൽ പാർക്കിൽ അരങ്ങേറുക. ആരോഗ്യവും ക്ഷേമവും ഉറപ്പിക്കാനയി പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ദുബായ് സ്പോർട്സ് കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിലവിൽ 3000 പേർക്ക് പരിശീലനം നടത്തനുള്ള സംവിധാനം പാർക്കിലൊരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനായി https://fitze.ae/yoga-world-record/ എന്ന വെബ്സൈറ്റ് മുഖാന്തരമോ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവർക്കുള്ള പ്രവേശനം പാർക്കിൽ സൗജന്യമായിരിക്കും. അവർക്കാവശ്യമായ യോഗമാറ്റും സൗജന്യമായി ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയയായിരിക്കും ഇത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേകം ഉദ്യോഗസ്ഥരെ പാർക്കിൽ നിയമിച്ചിട്ടുണ്ട്. സന്ദർശകർക്കായി വിപുലമായ പാർക്കിംഗ് സൗകര്യവും പാർക്കിലുണ്ടായിരിക്കും.