19 അടി നീളവും 6.6 കിലോഗ്രാം ഭാരവുമുള്ള ബർമീസ് പെരുമ്പാമ്പിനെയാണ് യുഎസിലെ ഫ്ലോറിഡയിൽ നിന്നും 22 വയസ്സുള്ള ബിരുദ വിദ്യാർത്ഥി പിടികൂടിയത്. മുതിർന്ന ജിറാഫിനോളം നീളം വരുന്ന പെരുമ്പാമ്പിനെ പെരുമ്പാമ്പിനെ തിങ്കളാഴ്ച ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ജേക്ക് വലേരിയാണ് പിടികൂടിയത്. യുഎസ്എ ടുഡേയുടെ റിപ്പോർട്ട് പ്രകാരം പിടികൂടിയ പാമ്പിനെ ജേക്ക് വലേരി സൗത്ത് വെസ്റ്റ് ഫ്ലോറിഡയിലെ കൺസർവേൻസിയിൽ എത്തിച്ചു. ഇവിടെ വച്ചു നടത്തിയ പരിശോധനയിലാണ് ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലുതാണ് ഈ പെരുമ്പാമ്പ് എന്ന് സ്ഥിരീകരിച്ചത്. 2020 ഒക്ടോബറിൽ ഫ്ലോറിഡയിൽ വച്ചു തന്നെ പിടികൂടിയ 18 അടി ഒൻപത് ഇഞ്ച് നീളമുള്ള പെരുമ്പാമ്പായിരുന്നു ഇതുവരെ പിടികൂടിയതിൽ വലുത്.
കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടുന്നതിൻ്റെ ദൃശ്യങ്ങൾ ജേക്ക് വലേരി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. റോഡ് മുറിച്ച് കടന്ന വശത്തെ കുറ്റിക്കാട്ടിലേക്ക് പോകുകയായിരുന്ന പാമ്പിൻ്റെ വാലിലാണ് വലേരി ആദ്യം പിടിച്ചത്. ഇതോടെ പ്രകോപിതനായ പാമ്പ് വലേരിക്ക് നേരെ കുതിച്ച് ചാടുന്നത് വീഡിയോയിൽ കാണാം. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന പെരുമ്പാമ്പിനെ കൂട്ടുകാരുടെ സഹായത്തോടെ വലേരി ഒടുവിൽ പിടികൂടുകയായിരുന്നു.
ബർമീസ് പെരുമ്പാമ്പിനെ പിടിക്കാൻ ആഗ്രഹമായിരുന്നുവെങ്കിലും ഈ ഭീകരൻമാരെ കൈകാര്യം ചെയ്യാൻ സാധിക്കുമോ എന്ന് ഉറപ്പില്ലായിരുന്നുവെന്ന് വലേരി പറയുന്നു. കഴിഞ്ഞ വർഷം ഞാനും എന്റെ കസിനും ഏകദേശം 18 അടി നീളമുള്ള ഒരു പാമ്പിനെ പിടികൂടി, അത്രയും വലിപ്പമുള്ള പാമ്പിനേയും കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയുമെന്ന് അന്ന് മനസ്സിലായി.
നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് ബർമീസ് പെരുമ്പാമ്പുകൾ. ഇരയെ പിടികൂടാനും ഭക്ഷിക്കാനും മറ്റു പാമ്പുകളേക്കാൾ മിടുക്കരാണ് ബർമ്മീസ് പാമ്പുകൾ. മൂർച്ചയേറിയ മുൻപല്ലുകൾ ഉപയോഗിച്ച് ഇരയെ ആഴത്തിൽ മുറിപ്പെടുത്താൻ ഇവർക്കാവും. മൃഗത്തെ അതിവേഗം ചുറ്റിവരിഞ്ഞ ശേഷം അവയുടെ ശ്വാസഗതി നിരീക്ഷിച്ച് കൂടുതൽ ബലം നൽകി അതിനെ കീഴ്പ്പെടുത്തന്നതാണ് ഇവയുടെ രീതി.
View this post on Instagram
View this post on Instagram