ലാഹോർ: പാകിസ്ഥാനിലെ ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തമുണ്ടായതിനെ തുടർന്ന് എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ലാൻഡിംഗിനിടെ പാകിസ്ഥാൻ ആർമി വിമാനത്തിന്റെ ടയറിന് തീപിടിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തീ നിയന്ത്രിക്കാൻ അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി. മുൻകരുതൽ എന്ന നിലയിൽ, റൺവേ താൽക്കാലികമായി അടച്ചു.
ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതോടെയാണ് അപകട വാർത്ത പുറത്തറിഞ്ഞത്. അപകടത്തിന് പിന്നാലെ കനത്ത പുകയാണ് വിമാനത്താവളത്തിലുണ്ടായത്. പുക ശ്വസിച്ച് ആളുകൾ ബുദ്ധിമുട്ടുന്നത് വീഡിയോയിൽ കാണാം. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാനിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം ഉണ്ടാകുന്നത് ഇതാദ്യമല്ല. വിമാനത്താവളത്തിലെ പഴകിയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തതിനെക്കുറിച്ചും ഗുരുതരമായ ആശങ്കകളും പരാതികളും മുൻപും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 9 ന്, ഇമിഗ്രേഷൻ കൗണ്ടറിന് മുകളിലുള്ള സീലിംഗിൽ ഒരു ഷോർട്ട് സർക്യൂട്ട് മൂലം തീപിടുത്തമുണ്ടായി, ഇത് വിമാനത്താവളത്തിലെ മുഴുവൻ ഇമിഗ്രേഷൻ സംവിധാനത്തിന്റെയും വലിയ തടസ്സത്തിന് കാരണമായി.