കോഴിക്കോട്: താമരശ്ശേരിയിൽ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസിനെ ആണ് പൊലീസ് പിടികൂടിയത്. എംഡിഎംഎ കൈവശമുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പരിശോധനയ്ക്കായി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിൽ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചത് അനുസരിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ താമരശ്ശേരി അമ്പായത്തോട് വച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഷാനിദ് എന്ന യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. പൊലീസിൽ നിന്നും രക്ഷപ്പെടാൻ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ ഷാനിദ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ലഹരിമരുന്ന് വിഴുങ്ങിയതിന് പിന്നാലെ പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചിരുന്നു. പാക്കറ്റുകൾ ശസ്ത്രക്രിയ ചെയ്ത ശേഷം മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രത്തിൽ ഒപ്പു വെച്ചു നൽകാൻ വിസമ്മതിക്കുകയായിരുന്നു. പിന്നീടാണ് സ്ഥിതി ഗുരുതരമായതും മരണത്തിന് കീഴടങ്ങിയതും.
അമിതമായ അളവിൽ രാസലഹരി ശരീരത്തിൽ എത്തിയതാണ് മരണത്തിന് കാരണമായതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റിൽ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.