ഷാർജയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാർജ ബുഹൈറയിലാണ് സംഭവം. ഇയാൾ ഇന്ത്യക്കാരനാണെന്നാണ് റിപ്പോർട്ട്. എന്നാൽ യുവാവിനെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
30 വയസ് തോന്നിക്കുന്ന യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി എന്ന വിവരത്തെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കും വഴി മരണം സംഭവിക്കുകയായിരുന്നു.
തിരിച്ചറിയൽ രേഖകൾ പരിശോധിക്കവേയാണ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തയെന്ന കുറിപ്പ് പോക്കറ്റിൽ നിന്ന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.നാല് വയസുള്ള മകനും, എട്ട് വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്.